ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ‘ദി ചലഞ്ച്’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് റഷ്യ. 2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച് ചിത്രത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസും റഷ്യയിലെ ചാനല്‍ വണ്ണും യെല്ലോ, ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോയും ചേര്‍ന്നാണ് ഭീമന് തുക മുടക്കിയുള്ള ബഹിരാകാശ രംഗം ചിത്രീകരിച്ചത്. ബഹിരാകാശ നിലയത്തില്‍ വെച്ച് അബോധാവസ്ഥിലായ കോസ്മോനട്ടിനെ ചികിത്സിക്കാന്‍ ഒരു കാര്‍ഡിയാക് സര്‍ജനും ഡോക്ടര്‍മാരുടെ സംഘവും ബഹിരാകാശ നിലയത്തിലേക്ക് പോവുന്നതായിരുന്നു രംഗം. സി.ജി.ഐയോ മറ്റ് സങ്കേതങ്ങളോ ഉപയോഗിക്കുന്നതിന് പകരം രംഗങ്ങള്‍ സ്പേസ് സ്റ്റേഷനില്‍ പോയി യഥാര്‍ഥമായി ചിത്രീകരിക്കുകയായിരുന്നു. റഷ്യന്‍ അഭിനേത്രിയായ യൂലിയ പെരിസില്‍ഡാണ് സംഘത്തിന് നേതൃത്വം നല്കുന്ന കാര്‍ഡിയാക് സര്‍ജനായി വേഷമിട്ടത്. യഥാര്‍ത്ഥ ബഹിരാകാശയാത്രികനായ ഒലെഗ് നോവിറ്റ്സ്കിയാണ് രോഗിയെ അവതരിപ്പിക്കുന്നത്. റഷ്യന്‍ ബഹിരാകാശ യാത്രികരായ ആന്റണ്‍ ഷ്കാപ്ലെറോവ്, യോറ്റര്‍ ദുബ്രോവ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.