ജഡ്ജിമാരുടെ നിയമനം സമയബന്ധിതമായി നടപ്പാക്കുമെന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, ജഡ്ജിമാരുടെ നിയമനത്തിനുള്ള ശുപാര്‍ശകള്‍ അനിശ്ചിതമായി സര്‍ക്കാരിന് മുന്നില്‍ കെട്ടിക്കിടക്കുന്നതില്‍ സുപ്രിം കോടതി ആശങ്ക പ്രകടിപ്പിച്ചു. ജഡ്ജിമാരുടെ നിയമനങ്ങളില്‍ തീരുമാനം വൈകുന്നത് പുറത്ത് നിന്നുള്ള ഇടപെടലാണെന്ന സന്ദേശം നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൊളീജിയം നല്‍കുന്ന ശിപാര്‍ശകളില്‍ സര്‍ക്കാരിന് പരിമിത പങ്ക് മാത്രമേ വഹിക്കാനുള്ളൂ. അത് കൊളീജിയത്തിന് സ്വീകാര്യവുമല്ലെന്നും ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍ ചൂണ്ടിക്കാട്ടി.
വിവിധ ഹൈക്കോടതികളിലേക്ക് കൊളീജിയം ശിപാര്‍ശ ചെയ്ത 104 ജഡ്ജിമാരുടെ പേരുകളാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് മുന്നിലുള്ളത്.കൊളീജിയം ശിപാര്‍ശ ചെയ്തതതില്‍ 22 പേരുകളാണ് ഇതുവരെ സര്‍ക്കാര്‍ മടക്കി അയച്ചത്. ഇതില്‍ ചില ശിപാര്‍ശകള്‍ കൊളീജിയം മൂന്നാം തവണയും ഉള്‍ക്കൊള്ളിച്ചതാണ്. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ അവ മടക്കി അയച്ചു. ഈ ശിപാര്‍ശകളുടെ ഭാവി ഇനി കൊളീജിയം നിശ്ചയിക്കുമെന്നും കോടതി വ്യക്തമാക്കി.