കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ അഞ്ചു മുതല്‍ 15 വരെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബില്‍ പാസാക്കും. നിയമ സര്‍വകലാശാല ഒഴികെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലയ്ക്കുമായി പ്രത്യേകം ബില്‍ അവതരിപ്പിക്കും. ഗവര്‍ണര്‍ക്കു പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാന്‍സലറാക്കും.
ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി സര്‍വകലാശാലകളെ കമ്യൂണിസ്റ്റുവത്കരിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തെ ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാ നിയമനങ്ങളും കമ്യൂണിസ്റ്റുവത്കരിക്കും. ഇപ്പോള്‍തന്നെ യുജിസി ചട്ടങ്ങള്‍ അട്ടിമറിച്ച് നിയമനങ്ങള്‍ നടത്തിയത് ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിച്ചാണ്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കാമെന്ന് നാലു തവണ ഗവര്‍ണര്‍ കത്തുനല്‍കി. സര്‍ക്കാര്‍ അയ്യോ സാറേ പോകല്ലേയെന്നു പറഞ്ഞ് കാലു പിടിച്ചു. മുഖ്യമന്ത്രി കത്ത് എഴുതി കൊടുത്തു. ഇപ്പോള്‍ ഗവര്‍ണറെ മാറ്റുന്നത് എന്തിനാണെന്നും സതീശന്‍ ചോദിച്ചു.
ലോട്ടറി കേസില്‍ നാഗാലാന്‍ഡ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിനെതിരെ കേരളം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ലോട്ടറി വില്‍ക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ച നാഗാലാന്‍ഡിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് കേരളം വ്യക്തമാക്കി. ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
2025- 26 വര്‍ഷം എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിനു പൊതുജനങ്ങള്‍ക്കും ഓണ്‍ലൈനായി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. ഇതിനുള്ള ടെക് പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു മന്ത്രി. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സിലബസ് ലഘൂകരണം നടത്തുമ്പോള്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതച്ചുഴി 24 മണിക്കൂറിനകം ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. തിങ്കളാഴ്ച വരെ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഈ ന്യൂനമര്‍ദ്ദം തമിഴ്‌നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങിയേക്കും. കേരളത്തില്‍ മഴയ്ക്കു സാധ്യത.
കരാര്‍ നിയമനത്തിനു ലിസ്റ്റ് തേടി തിരുവനന്തപുരം മേയറുടെ പേരിലുള്ള കത്തിനെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് നീക്കം. കേരളത്തില്‍ എല്ലായിടത്തും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. ഇതു പ്രതിപക്ഷം പുറത്തു കൊണ്ടുവരുമെന്നും സതീശന്‍.
കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുടികിടപ്പു സമരവുമായി ആദിവാസി യുവതി. സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കാത്തതിനാലാണു സമരം. ഓട്ടപ്പാലം സ്വദേശി സരോജിനിയാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ലേക്കു താമസം മാറ്റിയത്. വീടിനായി പലവട്ടം അപേക്ഷ നല്‍കിയിട്ടും പഞ്ചായത്ത് അനുകൂല നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
എറണാകുളത്ത് ലഹരിസംഘം പതിനെട്ടുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചു പ്രതികള്‍ അറസ്റ്റില്‍. ആന്റണി ജോസഫ്, ബിവിന്‍, വൈറ്റില ഷാജന്‍, എന്നിവരും 17 വയസുള്ള രണ്ടു വിദ്യാര്‍ത്ഥികളുമാണ് പിടിയിലായത്. ഒന്നാം പ്രതി ആന്റണി ജോസഫിന്റെ മക്കളാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍. എറണാകുളം സ്വദേശി അനില്‍കുമാറിന്റെ മകന്‍ അഭിജിത്തിനെ വടിവാളു കാണിച്ച് ഭീഷണിപ്പെടുത്തിയാണു തട്ടിക്കൊണ്ടുപോയത്. ലഹരിസംഘത്തില്‍നിന്ന വിട്ടപോയതിന്റെ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടുപോയത്.
തിരുവനന്തപുരത്ത് യാത്രക്കാരിയായ യുവതിയുടെ കൈയില്‍ കയറിപ്പിടിച്ച് ‘കള്ളുകുടിക്കാന്‍ പോകാ’മെന്നു പറഞ്ഞ ഓട്ടോഡ്രൈവറെ അറസ്റ്റു ചെയ്തു. ഭയന്ന പുല്ലുവിള സ്വദേശിനിയായ 20 കാരിയായ യാത്രക്കാരി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്കുചാടി. ഓട്ടോ ഡ്രൈവര്‍ വെള്ളറട പനച്ചമൂട് സ്വദേശി അശോകനെ (45)യാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് മാവൂര്‍ റോഡില്‍ തീപിടുത്തം. മൊഫ്യൂസല്‍ ബസ്റ്റ്റ്റാന്‍ഡിനു സമീപത്തെ മൂന്നു നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അരക്കോടി രൂപ വരുന്ന സ്വര്‍ണം പിടികൂടി. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് 932 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
ഇക്വറ്റോറിയില്‍ ഗിനിയില്‍ കുടുങ്ങിയ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ കപ്പല്‍ കമ്പനി നൈജീരിയയില്‍ കേസ് ഫയല്‍ ചെയ്തു. അന്തര്‍ദേശീയ കോടതിയേയും സമീപിക്കും. കപ്പല്‍ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകള്‍ നൈജീരിയ്ക്കു കൈമാറിയിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷനാണ് രേഖകള്‍ നല്‍കിയത്. ജീവനക്കാരുടെ മോചനത്തിനായി കപ്പല്‍ ജീവനക്കാരന്‍ സനു ജോസ് നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി നേരിട്ട് സംസാരിച്ചെന്ന് ഭാര്യ മെറ്റില്‍ഡ വെളിപെടുത്തി.
അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു .രണ്ടു വര്‍ഷം ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി തുടരും. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ പങ്കെടുത്തു. ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയില്ല
ദീപാവലി ദിനത്തില്‍ കോയമ്പത്തൂരില്‍ കാര്‍ സ്‌ഫോടനം നടത്തിയ ജമേഷ മുബിന്‍ മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറിയാണന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്‌ഫോടക വസ്തുക്കള്‍ക്കൊപ്പം ആണികളും മാര്‍ബിള്‍ കഷ്ണങ്ങളും ഉപയോഗിച്ചിരുന്നു.
കര്‍ണാടകയിലെ ലിംഗായത്ത് സന്യാസിക്കെതിരെ കര്‍ണാടക പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി. മുരുഘാ മഠത്തിലെ സന്യാസിയായ ശിവമൂര്‍ത്തി മുരുഘാ ശരണരുവിനെതിരെയാണ് ചിത്രദുര്‍ഗ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
മഠത്തിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയാണ് പീഡിപ്പിച്ചത്.
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഡിഎംകെ എംപിമാര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നുവെന്ന് കത്തില്‍ പറയുന്നു.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മന്‍മോഹന്‍ സിംഗ് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കു രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമത നീക്കം തടയാന്‍ പരസ്യ പ്രസ്താവനകള്‍ വിലക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃത്വം. അച്ചടക്കം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോത്തസ്ര പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരേ സച്ചിന്‍ പൈലറ്റ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കേയാണ് വിലക്ക്.
ഗോവയില്‍ സര്‍ക്കാര്‍ ജോലിക്ക് ഒരു വര്‍ഷത്തെ ജോലി പരിചയം നിര്‍ബന്ധമാക്കുന്നു. ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഈ കാര്യം അറിയിച്ചത്.
സെലിബ്രിറ്റികള്‍ക്കു നേരിട്ട് സന്ദേശം അയക്കാന്‍ പണം ഈടാക്കാനൊരുങ്ങി ട്വിറ്റര്‍. ഒരു സെലിബ്രിറ്റിക്ക് ഏതൊരു യൂസറിനും സന്ദേശം അയക്കാം, പകരം പണം ഈടാക്കും. ഇത്തരത്തില്‍ അയക്കുന്ന സന്ദേശം സെലിബ്രിറ്റി കണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ട്.