നടന് വിക്രത്തിന് പിറന്നാള്‍ ആശംസിച്ച് ‘തങ്കലാന്’ ടീം. തങ്കലാന് ചിത്രീകരണ വേളയില്‍ എടുത്ത ബിഹൈന്‍ഡ് ദി സീന്‍സ് കോര്‍ത്തിണക്കിയ വിഡിയോ താരത്തിന് സമര്‍പ്പിച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേരിന്നിരിക്കുന്നത്. വിക്രത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമാണ് താരം പാ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാനില്‍ പ്രത്യക്ഷപ്പെടുന്നത്. സംഘടന രംഗങ്ങളുടെ ചിത്രീകരണ വിഡിയോ ക്ലിപ്പുകളും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. തലങ്കാന്‍ ആയി എത്തുന്ന വിക്രത്തിന് മേക്കപ്പ് ചെയ്യുന്നതും വിഡിയോയില്‍ കാണാം. കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലത്തില്‍ ഒരു പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമായാണ് തങ്കലാന് ഒരുക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ മലയാളത്തില്‍ നിന്നും പാര്‍വതി തിരുവോത്ത് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗംഗമ്മ എന്ന പാര്‍വതിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മാളവികാ മോഹനന്, പശുപതി, ഹരികൃഷ്ണന് അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നു. സംവിധായകന് പാ രഞ്ജിത്തും തമിഴ് പ്രഭും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
നടന് വിക്രത്തിന് പിറന്നാള്‍ ആശംസിച്ച് ‘തങ്കലാന്’ ടീം
