ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ വൈദ്യുത കാര്‍ മോഡലുകളുടെ പട്ടികയില്‍ ഒന്നാമത് ടെസ്ല മോഡല്‍ വൈ(1,15,885). ടെസ്ലയുടെ തന്നെ മോഡല്‍ 3 (48,815) മറികടന്നാണ് ചൈനീസ് കമ്പനിയായ ബിവൈഡി സോങ്(57,603) രണ്ടാമതെത്തിയിരിക്കുന്നത്. ചൈനീസ് കമ്പനികളുടെ മേല്‍ക്കൈ ഈ പട്ടികയില്‍ പ്രകടമാണ്. ടെസ്ലയുടെ രണ്ടു മോഡലുകള്‍ ഒഴികെ പട്ടികയിലുള്ള എട്ടു കാറുകളും ചൈനീസ് കമ്പനികളുടേതാണ്. ബിവൈഡിയുടെ നാലു മോഡലുകളാണ് നാലു മുതല്‍ ഏഴു വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ക്യുന്‍ പ്ലസ്(42,818), സീഗള്‍(34,841), യുവാന്‍ പ്ലസ്(32,690), ഡോള്‍ഫിന്‍(32.288) എന്നിവയാണത്. ഒമ്പതാം സ്ഥാനത്തുള്ള ഹാനും(22,861) ബിവൈഡിയുടെ കാറാണ്. ആദ്യ പത്തു സ്ഥാനങ്ങളില്‍ ആറ് ബിവൈഡി മോഡലുകളുണ്ട്. മറ്റൊരു ചൈനീസ് കമ്പനിയായ ജിഎസിയുടെ അയണ്‍ വൈ(26,719) എട്ടാം സ്ഥാനത്തും അയണ്‍ എസ്(22,650) പത്താം സ്ഥാനത്തുമുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയില്‍ ആകെ വിറ്റഴിഞ്ഞ വൈദ്യുതി കാറുകള്‍ 6,687 എണ്ണം മാത്രമാണ്. ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വിറ്റ ചൈനീസ് കമ്പനി ബിവൈഡിയാണ്, 2,61,504 കാറുകള്‍. ഇതേ കാലത്ത് ടെസ്ല 1,70,171 വൈദ്യുതി കാറുകള്‍ വിറ്റു. മൂന്നാം സ്ഥാനത്തുള്ളത് ചൈനീസ് ബ്രാന്‍ഡായ ജിഎസി അയണ്‍ (51,570) ആണ്. ഫോക്സ്വാഗണും(43,711) ബിഎംഡബ്ല്യു(43,304)വുമാണ് വൈദ്യുതി കാര്‍ വില്‍പനയില്‍ നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.