പുതിയ കരാറില്‍ ഒപ്പുവച്ച് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല. ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി എനര്‍ജി സെല്യൂഷനുമായി 4.3 ബില്ല്യണ്‍ ഡോളറിന്റെ ബാറ്ററി കരാറിലാണ് ടെസ്ല ഒപ്പുവച്ചത്. ബാറ്ററി പോലുള്ള പ്രധാന ആവശ്യങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്ലയുടെ ഈ നീക്കം. 2027 ഓഗസ്റ്റ് മുതല്‍ 2030 ജൂലൈ വരെയാണ് ടെസ്ലയുമായുള്ള എല്‍ജിഇഎസിന്റെ കരാര്‍. ആവശ്യമനുസരിച്ച് കരാര്‍ നീട്ടാനും സാധിക്കും. ഈ കരാര്‍ പ്രകാരം യുഎസിലെ എല്‍ജിഇഎസ് ഫാക്ടറിയില്‍ നിന്ന് ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (എല്‍എഫ്പി) ബാറ്ററികള്‍ ടെസ്ലയ്ക്ക് വിതരണം ചെയ്യും, അതിനാല്‍ ടെസ്ലയ്ക്ക് ചൈനയെ ആശ്രയിക്കേണ്ടിവരില്ല. യുഎസും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ടെസ്ലയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.