പൃഥ്വിരാജ്, റഹ്മാന്‍, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി 2013ല്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രമായിരുന്നു മുംബൈ പൊലീസ്. നിയോ നോയര്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത് ബോബി- സഞ്ജയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുകയാണ്. ഹണ്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മഹേഷ് ശൂരപാണിനിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ആന്റണി മോസസ് ഐപിഎസ് എന്ന നായക കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് സുധീര്‍ ബാബുവാണ്. ശ്രീകാന്ത് മേക, ഭരത് നിവാസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 9ന് ചിത്രം തിയേറ്ററുകളിലെത്തും. കാജോളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സുജാത എന്ന കഥാപാത്രമായിട്ടാണ് കാജോള്‍ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് സുജാത എന്ന കഥാപാത്രം. യഥാര്‍ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 11 വര്‍ഷത്തിന് ശേഷമാണ് രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നത്. ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യമായി രേവതി സംവിധാനം ചെയ്തത്. ദേശീയ അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു.

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ശനിയാഴ്ച 37,200 രൂപയായിരുന്നു സ്വര്‍ണവില. തിങ്കളാഴ്ച 280 രൂപയാണ് ഉയര്‍ന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഉയരുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. കഴിഞ്ഞമാസം 28ന് 36,640 രൂപയായിരുന്നു വില. സെപ്റ്റംബറിലെ താഴ്ന്ന നിലവാരമായിരുന്നു ഇത്. തുടര്‍ന്നുള്ള ഏതാനും ദിവസം കൊണ്ട് 1200 രൂപയിലധികമാണ് ഉയര്‍ന്നത്.

സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ അഞ്ചു മാസം അഞ്ചു ശതമാനത്തോളം താഴ്ന്ന സുഗന്ധ വ്യഞ്ജന കയറ്റുമതി ഉയര്‍ച്ചയുടെ പാതയില്‍. 2023 സാമ്പത്തിക വര്‍ഷം 450 കോടി ഡോളറിലേക്കാണ് കയറ്റുമതിയുടെ വളര്‍ച്ച. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 413 കോടി ഡോളറായിരുന്നു. ഒമ്പതുശതമാനത്തിന്റെ വളര്‍ച്ച. ജീരകം, മുളക്, മല്ലി, പുതിന തുടങ്ങിയവയാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങള്‍. രാജ്യത്തെ സുഗന്ധവ്യഞ്ജന ഉത്പാദനത്തിന്റെ 15 മുതല്‍ 20 വരെ ശതമാനമാണ് കയറ്റുമതി ചെയ്യുന്നത്. ബാക്കി ആഭ്യന്തര ഉപഭോഗമാണ്. രാജ്യത്തെ വാര്‍ഷിക മൊത്ത ഉത്പാദനം 11 മില്യണ്‍ ടണ്ണാണ്. ചൈന, ബംഗ്‌ളാദേശ്, യു. എസ്. എ, ശ്രീലങ്ക, ഇന്‍ഡൊനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കാണ് പ്രധാനമായും കയറ്റുമതി.

ഉത്സവകാലത്തോടനുബന്ധിച്ച് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഹാരിയര്‍, സഫാരി എസ്യുവികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് വലിയ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. 2022 ഒക്ടോബറില്‍, ഈ രണ്ട് മോഡലുകളിലും വാങ്ങുന്നവര്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ടാറ്റ ഹാരിയര്‍ 5,000 രൂപ വരെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഹാരിയര്‍ എക്‌സ്എംഎസ്, എക്‌സ്എംഎഎസ് വേരിയന്റുകള്‍ക്ക് യഥാക്രമം 17.20 ലക്ഷം രൂപയും 18.50 ലക്ഷം രൂപയുമാണ് വില. പുതിയ സഫാരി എക്‌സ്എംഎസ്, എക്‌സ്എംഎഎസ് മോഡലുകള്‍ യഥാക്രമം 17.96 ലക്ഷം രൂപയ്ക്കും 19.26 ലക്ഷം രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നു.

എണ്ണപ്പാടം ഒരു ചേരിപ്രദേശം. സ്നേഹിക്കുന്നവരുടെയും കലഹിക്കുന്നവരുടെയും ദേശം. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഇടം. എണ്ണപ്പാടത്തിന്റെ ഭരണം, അധികാരം, ജനാധിപത്യം, ആദര്‍ശം, മതം, ഉദ്ഗ്രഥനം, വ്യാപാരം എന്നിവ ആവിഷ്‌കരിക്കുമ്പോള്‍ അതൊരു സവിശേഷ രാജ്യമായി മാറുന്നു. ആരുടെയും ഒരു രാജ്യം. കീഴാള മുസ്ലിങ്ങളുടെ സാമൂഹികജീവിതം ആദ്യമായി ആലേഖനം ചെയ്യപ്പെടുന്ന മലയാള നോവല്‍. എന്‍.പി. മുഹമ്മദിന്റെ മാസ്റ്റര്‍പീസായി വിശേഷിപ്പിക്കപ്പെടുന്ന ‘എണ്ണപ്പാടം’ നോവലിന്റെ പുതിയ പതിപ്പ്. മാതൃഭൂമി ബുക്‌സ്. വില 399 രൂപ.

കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതായി പലപ്പോഴും രോഗികള്‍ മനസിലാക്കണമെന്നില്ലെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇതറിയാതെ തന്നെ ഇതിന്റെ പല പരിണിതഫലങ്ങളുമായും രോഗികള്‍ മുന്നോട്ട് പോകാം. ഇത് രോഗിയെയും അതുപോലെ ചുറ്റുമുള്ളവരെയും ബാധിക്കാം. രോഗിയുടെ തൊഴില്‍, സാമൂഹികജീവിതം, സാമ്പത്തികാവസ്ഥ എന്നിവയെ എല്ലാം ബാധിക്കാം. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ‘ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി’യില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനപ്രകാരം തുടര്‍ച്ചയായ ആശയക്കുഴപ്പങ്ങള്‍, ചിന്തകളില്‍ വ്യക്തതയില്ലായ്മ, ബോധം നഷ്ടപ്പെടുന്ന അവസ്ഥ, ചുഴലി, പക്ഷാതം, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, തലവേദന, കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, പെരുമാറ്റത്തില്‍ വ്യത്യാസം എന്നിങ്ങനെ ഒരുപിടി പ്രശ്‌നങ്ങള്‍ കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതിന്റെ ഭാഗമായി പിടിപെടാം. കൊവിഡ് വന്ന് ഭേദമായി, മാസങ്ങള്‍ക്ക് ശേഷവും ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കാണാവുന്നതാണ്. ഉറക്കമില്ലായ്മ, നിരന്തരം അസ്വസ്ഥത, മൂഡ് ഡിസോര്‍ഡര്‍, നിരാശ/വിഷാദം, ഉത്കണ്ഠ, ഓര്‍മ്മക്കുറവ്, പെടുന്നനെയുള്ള ദേഷ്യം തുടങ്ങി ആത്മഹത്യാ പ്രവണത വരെയുള്ള പ്രശ്‌നങ്ങള്‍ രോഗി നേരിടുന്നു. തീര്‍ച്ചയായും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്നതാണ്. ഇതിന് പുറമെ ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ കൂടി രോഗിയില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇത് നിര്‍ബന്ധമാണ്. എയറോബിക് എക്‌സര്‍സൈസ് കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കാം. പൊതുവെ വ്യായാമം വലിയ രീതിയില്‍ രോഗിയെ സഹായിക്കുമെന്ന് തന്നെയാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഒപ്പം തന്നെ നല്ല ഉറക്കം ദിവസവും ഉറപ്പുവരുത്തുക. ഇതിന് പുറമെ സാമൂഹികകാര്യങ്ങളില്‍ പങ്കെടുക്കുക, സംഗീതം പോലെ മനസിന് ആശ്വാസവും സന്തോഷവും പകരുന്ന കാര്യങ്ങളില്‍ സജീവായിരിക്കുക, വായന, സൗഹൃദം എന്നിങ്ങനെ തലച്ചോറിനെ പോസിറ്റീവ് ആയി സ്വാധീനിക്കുന്ന കാര്യങ്ങളിലെല്ലാം പങ്കാളിയാകാം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.47, പൗണ്ട് – 92.78, യൂറോ – 80.45, സ്വിസ് ഫ്രാങ്ക് – 82.27, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.17, ബഹറിന്‍ ദിനാര്‍ – 215.91, കുവൈത്ത് ദിനാര്‍ -262.98, ഒമാനി റിയാല്‍ – 211.86, സൗദി റിയാല്‍ – 21.67, യു.എ.ഇ ദിര്‍ഹം – 22.18, ഖത്തര്‍ റിയാല്‍ – 22.37, കനേഡിയന്‍ ഡോളര്‍ – 59.92.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *