ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ പേര് ഭാരത രാഷ്ട്ര സമിതി എന്നാക്കി മാറ്റി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. ജെഡിഎസ് നേതാവ് കുമാരസ്വാമി, തമിഴ്‌നാട്ടിലെ വിടുതലൈ ചിരുതൈഗള്‍ കക്ഷി നേതാവ് തിരുമാവളവന്‍ എന്നിവര്‍ പ്രഖ്യാപന യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ലെന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യമാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹം ശശി തരൂരിനും വോട്ട് ഖാര്‍ഗേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. തരൂര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. പക്ഷേ, തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല. തനിക്ക് എഐസിസി പ്രസിഡന്റോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാന്‍ ആഗ്രഹമില്ലാത്തതിനാല്‍ തരൂരിനോട് അസൂയയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷത്തെ മോദി സര്‍ക്കാര്‍ പുറത്താക്കി. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, ഐടി, വിദേശകാര്യം എന്നീ സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കം ചെയ്ത് ഭരണകക്ഷി നേതാക്കളെ അവരോധിച്ചു. ഇതോടെ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനം മാത്രമായി. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനവും ഇല്ലാതായി. ആഭ്യന്തര സമിതിയുടെ അധ്യക്ഷനായിരുന്ന കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിങ്വിയെ മാറ്റി ബിജെപിയുടെ റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസറായ ബ്രിജ് ലാലിനെ നിയമിച്ചു. ഐടി സമിതിയുടെ അധ്യക്ഷനായിരുന്ന ശശി തരൂരിനെ മാറ്റി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്റേയുടെ ശിവസേനാംഗമായ പ്രതാപ്‌റാവു ജാദവിനെ നിയമിച്ചു.
ജപ്പാനീസ് കടലിലേക്ക് ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനു തിരിച്ചടിയുമായി അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ജപ്പാന്‍ കടലിലേക്ക് നാലു മിസൈലുകള്‍ വിട്ടു. ഇതിനു പിറകേ യെല്ലോ സീയില്‍ സഖ്യസേനയുടെ ബോംബര്‍ വിമാനങ്ങള്‍ പറപ്പിച്ചു. ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത് മേഖലയിലാകെ ഭീതി പരത്തിയിരുന്നു.
വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിനു കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും മറ്റും വിദ്യാരംഭത്തിന് അനേകായിരങ്ങളാണ് എത്തിയത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂര്‍ തുഞ്ചന്‍ പറമ്പിലും തൃശൂര്‍ തിരുവുള്ളക്കാവിലും ആയിരങ്ങളാണ് എത്തിയത്.
ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി മുംബൈയില്‍ അറസ്റ്റില്‍. വിജിന്‍ വര്‍ഗീസ് എന്നയാളാണ് ഡിആര്‍ഐയുടെ പിടിയിലായത്. 198 കിലോ മെത്തും 9 കിലോ കൊക്കെയ്നുമാണ് പിടികൂടിയത്.
കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍നിന്നു മാമ്പഴം മോഷ്ടിച്ച പൊലീസുകാരന്‍ ഷിഹാബിനു സസ്പെന്‍ഷന്‍. പൊതുജനങ്ങള്‍ക്കു മുന്നില്‍ കേരള പൊലീസിനെ നാണം കെടുത്തിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. മാമ്പഴം മോഷ്ടിച്ച ദൃശ്യങ്ങള്‍ പുറത്തു വരികയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ ഷിഹാബ് ഒളിവിലാണ്.
സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റിവച്ചെന്ന് സംഘാടകര്‍. പൗരാവകാശ വേദി ഇന്നു നാലുമണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്താനിരുന്ന പരിപാടിക്കാണ് ഭീഷണി. എം കെ രാഘവന്‍ എം പി, മുനവറലി തങ്ങള്‍, കെ കെ രമ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാനിരുന്നതാണ്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പരിപാടി മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെടുകയാണുണ്ടായത്.
പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതിക്കൂട്ടിലാക്കുന്നതു ശരിയല്ലെന്ന് ഐഎംഎ. അറസ്റ്റ് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കും. ഡോക്ടര്‍മാര്‍ക്ക് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഐഎംഎ.
ഇടുക്കി രാജമലയില്‍ പിടിയിലായ കടുവയ്ക്ക് ഇടത് കണ്ണിന് തിമിരം. പത്തു പശുക്കളെ കൊല്ലുകയും മറ്റു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത് ഭീതി പരത്തിയ കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവച്ചു പിടിച്ചത്. കാഴ്ചശേഷി കുറവായതിനാല്‍ സ്വാഭവികമായ ഇരതേടല്‍ പ്രയാസമാകും. കടുവയെ പുനരധിവസിപ്പിക്കാനാണ് ആലോചന.
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം. 21 പേരെ രക്ഷപ്പെടുത്തി. പൗരി ഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രി വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിയുകയായിരുന്നു. ബസില്‍ അമ്പതു പേരുണ്ടായിരുന്നു.
ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍പെട്ട പര്‍വതാരോഹകരില്‍ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി. എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട പ്രുമഖ പര്‍വതാരോഹക സവിത കാന്‍സ്വാള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കാണാതായ 13 പര്‍വതാരോഹകരെ കണ്ടെത്തിയില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.