പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയില്‍’ ചിത്രത്തിന്റെ ടീസര്‍ എത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു മുഴുനീള കോമഡി-ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ചിത്രം. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. വിവാഹത്തിനോട് അനുബന്ധിച്ച് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. തമിഴില്‍ നിന്നും യോഗി ബാബു ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ‘കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘ഗുരുവായൂരമ്പലനടയില്‍’. ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരജ് രവിയാണ് ഛായാഗ്രഹണം.