നെക്‌സോണ്‍ ഇവിയുടെ വില കുറച്ച് ടാറ്റ മോട്ടോഴ്‌സ്. നെക്‌സോണ്‍ ഇവിയുടെ വിവിധ വേരിയന്റുകളിലായി 85,000 രൂപ വരെ കമ്പനി കുറച്ചിട്ടുണ്ട്. ഇതോടെ ഇതിന്റെ പ്രൈം വേരിയന്റുകളുടെ വില ഇനി 14.49 ലക്ഷം രൂപയിലും മാക്‌സ് 18.99 ലക്ഷം രൂപയിലും ആരംഭിക്കും. നെക്‌സോണ്‍ ഇവി പ്രൈം എക്സ് എം വേരിയന്റിന് 50,000 രൂപ കുറച്ചതോടെ മുമ്പുള്ള വിലയായ 14.99 ലക്ഷം രൂപയില്‍ നിന്നും 14.49 ലക്ഷം രൂപയായി കുറഞ്ഞു. പ്രൈം എക്സ് പ്ലസിന് 31,000 രൂപ കുറച്ചതോടെ മുമ്പുള്ള വിലയായ 16.30 ലക്ഷം രൂപയില്‍ 15.99 ലക്ഷം രൂപയായി കുറഞ്ഞു. ഇത്തരത്തില്‍ നെക്‌സോണ്‍ ഇവിയുടെ വിവിധ മാക്സ് വേരിയന്റുകള്‍ക്ക് 85,000 രൂപ കുറച്ചിട്ടുണ്ട്. കൂടാതെ ടാറ്റയുടെ നെക്‌സോണ്‍ ഇവിയുടെ മാക്സ് വേരിയന്റുകളുടെ പരിധി 2023 ജനുവരി 25 മുതല്‍ 453 കിലോമീറ്ററായി ഉയര്‍ത്തും. 2023 ഫെബ്രുവരി 15 മുതല്‍ ഡീലര്‍ഷിപ്പുകളില്‍ സോഫ്റ്റ് വെയര്‍ പുതുക്കുന്നതിലൂടെ നിലവിലെ നെക്‌സോണ്‍ ഇവിയുടെ മാക്സ് ഉടമകള്‍ക്ക് ഈ ശ്രേണി മെച്ചപ്പെടുത്താന്‍ കഴിയും. മാത്രമല്ല പുതിയ വേരിയന്റായ നെക്‌സോണ്‍ ഇവിയുടെ മാക്സ് എക്സ്എമ്മിന്റെ വില്‍പ്പന 2023 ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.