തമിഴ് ചിത്രം ജയിലറിലെ കാവാലയ്യാ ഹിറ്റ് ഗാനത്തിന് ശേഷം ഇപ്പോഴിതാ തമന്നയുടെ നൃത്തം ഉള്‍പ്പെട്ട മറ്റൊരു ഗാനം കൂടി പുറത്തെത്തിയിരിക്കുകയാണ്. പക്ഷേ അത് തമിഴിലല്ല, തെലുങ്കില്‍ ആണ്. ചിരഞ്ജീവിയെ നായകനാക്കി മെഹര്‍ രമേശ് സംവിധാനം ചെയ്ത ‘ഭോലാ ശങ്കര്‍’ എന്ന ചിത്രത്തിലേതാണ് ഗാനം. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്ക് ആണ് ചിത്രം. ചിത്രത്തിലെ മില്‍ക്കി ബ്യൂട്ടി എന്ന ഗാനത്തിന്റെ പ്രൊമോയാണ് പുറത്തെത്തിയിരിക്കുന്നത്. നായികാ നായകന്മാരായ തമന്നയും ചിരഞ്ജീവിയുമാണ് ഗാനരംഗത്തില്‍. ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തമന്നയുടെ കഥാപാത്രത്തിന്റെ പേര് അഡ്വ. ദീപിക എന്നാണ്. തമന്ന, കീര്‍ത്തി സുരേഷ്, രഘു ബാബു, മുരളി ശര്‍മ്മ, രവി ശങ്കര്‍, വെണ്ണെല കിഷോര്‍, തുളസി, ശ്രീ മുഖി, ബിത്തിരി സതി, സത്യ ഗെറ്റപ്പ് ശ്രീനു, രശ്മി ഗൌതം, ഉത്തേജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടേതായി ഈ വര്‍ഷം പുറത്തെത്തുന്ന രണ്ടാമത്തെ ചിത്രമാണിത്.