Untitled design 20240816 193918 0000

 

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. താജ്മഹലിനെ കുറിച്ച് അറിയാക്കഥകളിലൂടെ കൂടുതൽ അറിയാം….!!!

മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് താജ്‌മഹൽ . പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്കുകൾ പറയുന്നത്.

1983- ൽ യുനെസ്കോയുടെ പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ താജ് മഹലിനെ ഉൾപ്പെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ്‌ താജ് മഹൽ. ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി. കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നാണ് രബീന്ദ്രനാഥ ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹൽ 1631ൽ തന്റെ 14-ആമത്തെ കുട്ടിയായ ഗൗഹറ ബേഗത്തിന് ജന്മം നൽകുന്നതിനിടയിൽ,വിവാഹത്തിന്റെ പതിനെട്ടാം വർഷത്തിൽ മരിച്ചു. ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു അത്. പക്ഷേ ഭാര്യയുടെ മരണം മൂലം അദ്ദേഹം വളരെ ദുഃഖത്തിലാവുകയായിരുന്നു.

മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ് മഹൽ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃതവിവരണങ്ങൾ കാണിക്കുന്നു. താജ് മഹലിന്റെ പണികൾ മുംതാസിന്റെ മരണത്തിനു ശേഷം ഉടൻ തന്നെ തുടങ്ങുകയുണ്ടായി. 1648 ൽ ഒരു അടിസ്ഥാന ശവകുടീരം പണിതീർന്നു. പിന്നീട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പിന്നീടുള്ള അഞ്ച് വർഷങ്ങൾ കൊണ്ട് ആണ്പണിതീർന്നത്.

താജ് മഹൽ പേർഷ്യൻ സംസ്കാരത്തിന്റേയും മുഗൾ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുർ രാജവംശത്തിൽ നിന്നുള്ള വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയിൽ ഉണ്ടായിരുന്നു. സമർകണ്ടിലെ ഗുർ-ഏ-അമീർ എന്ന കെട്ടിടം ,ഹുമയൂണിന്റെ ശവകുടീരം ചിലപ്പോൾ ചെറിയ താജ് എന്നും അറിയപ്പെടുന്നു. ഡെൽഹിയിലെ ഷാജഹാന്റെ സ്വന്തം നിർമിതിയായ ജുമാ മസ്ജിദ് എന്നിവയിൽ നിന്നും വാസ്തു പ്രചോദനങ്ങൾ ഉൾകൊള്ളുന്നതാണ് താജ്.

ആദ്യകാലത്തെ മുഗൾ കെട്ടിടങ്ങൾ എല്ലാം തന്നെ ചുവന്ന മണൽക്കല്ലിലാണ്‌ പണിതിരുന്നത്. പക്ഷേ, ഷാജഹാൻ താജ് മഹൽ പണിയുന്നതിന് വെണ്ണക്കല്ലും വിലപിടിപ്പുള്ള മറ്റുചില കല്ലുകളും ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം മുഗൾ കാലഘട്ടത്തെ മറ്റ് കെട്ടിടങ്ങളേക്കാൾ താജ്മഹലിന് ഒരു പ്രത്യേക ആകർഷണം കൈവന്നു.

മുംതാസിനോടുള്ള ഷാജഹാന്റെ പ്രണയത്തേയും അതിന്റെ സ്മാരകമായ ഈ സൗധത്തേയും കുറിച്ച് ടാഗോർ ലവേഴ്സ് ഗിഫ്റ്റ് എന്ന ഒരു കവിതയിൽ പരാമർശിക്കുന്നുണ്ട്. താജ്മഹലിന്റെ വാസ്തുവിദ്യ, നിർമ്മാണം, ചരിത്രം എന്നിവയെക്കുറിച്ച് എല്ലാം അറിയാ കഥകളുടെ അടുത്ത ഭാഗങ്ങളിലൂടെ വായിച്ചറിയാം.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *