മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ടീമിന്റെ ‘തുടരും’ എന്ന സിനിമ റെക്കോഡുകള്‍ തിരുത്തി ജൈത്രയാത്ര തുടരുകയാണ്. ചിത്രം കേരളാ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. ഇതിന്റെ സന്തോഷം മോഹന്‍ലാലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘കേരള ബോക്സ് ഓഫീസില്‍ മാത്രം 100 കോടി നേടുന്ന ആദ്യ സിനിമ എന്ന റെക്കോഡും തുടരും എന്ന സിനിമ നേടിയിട്ടുണ്ട്. നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്! കേരളത്തിന് നന്ദി,’ എന്ന് മോഹന്‍ലാല്‍ കുറിച്ചു. അതേസമയം, ആഗോള ബോക്സ് ഓഫീസില്‍ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങിയ എംപുരാനും 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.