ടോക്കിയോ മോട്ടര്‍ഷോയില്‍ സ്വിഫ്റ്റിന് പുതിയ എന്‍ജിന്‍ അവതരിപ്പിച്ച് സുസുക്കി. ഇസഡ് 12 എന്ന കോഡ് നാമത്തിലാണ് എന്‍ജിന്‍ വികസിപ്പിക്കുന്നത്. 1.2 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി അസ്പിരേറ്റഡ് എന്‍ജിന്‍ നിലവിലെ 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിന് പകരക്കാരനാകും എന്നാണ് പ്രതീക്ഷ. നിലവിലെ കെ12 എന്‍ജിനെക്കാളും ഇന്ധനക്ഷമതയും ടോര്‍ക്കും കൂടുതലുമുണ്ടാകും. മൈല്‍ഡ് ഹൈബ്രിഡ് ഉപേക്ഷിച്ച് ഫുള്‍ ഹൈബ്രിഡിലേക്ക് മാറിയാല്‍ ഏകദേശം 40 കിലോമീറ്റര്‍ ഇന്ധനക്ഷമതയും പുതിയ എന്‍ജിന് ലഭിച്ചേക്കാം. തുടക്കത്തില്‍ പുതിയ സ്വിഫ്റ്റിലും പിന്നീട് കെ12 എന്‍ജിന്‍ ഉപയോഗിക്കുന്ന എല്ലാ മോഡലുകളിലും പുതിയ എന്‍ജിന്‍ വന്നേക്കും. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള സ്വിഫ്റ്റില്‍ 1.2 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. 90 എച്ച്പി കരുത്തും പരമാവധി 113എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി. നാലം തലമുറ സ്വിഫ്റ്റിനെ കഴിഞ്ഞ ദിവസമാണ് ടോക്കിയോ മോട്ടര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. അടുത്ത വര്‍ഷം പുതിയ സ്വിഫ്റ്റ് ഇന്ത്യയിലെത്തും. ഡ്യുവല്‍ സെന്‍സര്‍ ബ്രേക്ക് സപ്പോര്‍ട്ട്, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം, ഡ്രൈവ് മോണിറ്ററിങ് സിസ്റ്റം എന്നിവ പുതിയ സ്വിഫ്റ്റിലുണ്ടാവും.