ജൂലൈ മാസത്തെ വില്‍പനയുള്ള ആദ്യ പത്തുകാറുകളില്‍ മാരുതി സുസുക്കി ഫ്രോങ്‌സ് വന്‍ മുന്നേറ്റം നടത്തി. ടാറ്റ നെക്‌സോണിനേയും കിയ സെല്‍റ്റോസിനേയും പിന്തള്ളി ഏറ്റവും അധികം വില്‍പനയുള്ള ചെറു എസ്യുവികളില്‍ മൂന്നാം സ്ഥാനത്ത് എത്തി ഫ്രോങ്‌സ്. വില്‍പന കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ കാര്‍ വിപണിയിലെ 43.2 ശതമാനം വിഹിതവും മാരുതിയുടെ കൈവശമാണ്. മാരുതി സുസുക്കി ജൂലൈയില്‍ 152126 കാറുകള്‍ വിറ്റപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 50500 വാഹനങ്ങള്‍. മൂന്നാം സ്ഥാനത്തുള്ള ടാറ്റ 47630 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 36205 കാറുകളുമാണ് വിറ്റത്. അഞ്ചാം സ്ഥാനത്ത് ടൊയോട്ടയാണ് 20759 കാറുകള്‍. ഏറ്റവും അധികം വില്‍പനയുള്ള ആദ്യ പത്തു കാറുകളില്‍ ഏട്ടും മാരുതിയാണ്. ഒന്നാം സ്ഥാനത്ത് 17896 യൂണിറ്റ് വില്‍പനയുമായി മാരുതി സ്വിഫ്റ്റാണ്. രണ്ടാം സ്ഥാനം പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്ക്. വില്‍പന 16725 യൂണിറ്റ്. മൂന്നാം സ്ഥാനത്ത് മാരുതി ചെറു എസ്‌യുവി ബ്രെസ, വില്‍പന 16543 എണ്ണം. മാരുതിയുടെ എംപിവി എര്‍ട്ടിഗയാണ് നാലാമത്, 14352 യൂണിറ്റ് വില്‍പന. അഞ്ചാം സ്ഥാനത്ത് ഹ്യുണ്ടേയ് ക്രേറ്റ. വില്‍പന 14062 യൂണിറ്റ്. ആറാം സ്ഥാനത്ത് മാരുതി കോംപാക്റ്റ് സെഡാന്‍ ഡിസയര്‍. വില്‍പന 13395 യൂണിറ്റ്. ഏഴാം സ്ഥാനത്ത് 11323 യൂണിറ്റ് വില്‍പനയുമായി മാരുതി സുസുക്കി ഫ്രോങ്‌സ്. 12970 യൂണിറ്റ് വില്‍പനയുമായി മാരുതി വാഗണ്‍ആര്‍ എട്ടാം സ്ഥാനത്തും 12349 യൂണിറ്റ് വില്‍പനയുമായി ടാറ്റ നെക്‌സോണ്‍ ഒമ്പതാം സ്ഥാനത്തുമുണ്ട്. പത്താമത് എത്തിയത് മാരുതി ഈക്കോയാണ്. 12037 യൂണിറ്റാണ് വില്‍പന.