സുസ്മിത സെന്‍ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ബോളിവുഡ് ചിത്രം ‘താലി’യുടെ ടീസര്‍ എത്തി. മുംബൈയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശ്രീഗൗരി സാവന്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ദേശീയ പുരസ്‌കാരജേതാവ് രവി ജാദവാണ് സംവിധാനം. തിരക്കഥ ക്ഷിതിജ് പഠ്വര്‍ധന്‍. ശ്രീഗൗരിയുടെ വേഷത്തിലാണ് താരം എത്തുന്നത്. അവര്‍ കടന്നുപോകുന്ന പ്രതിസന്ധികളും പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ഇന്ത്യയുടെ മൂന്നാം ലിംഗത്തിനായുള്ള ശ്രീഗൗരി സാവന്ദിന്റെ പോരാട്ടം എന്ന അടിക്കുറിപ്പിലാണ് സുസ്മിത സെന്‍ ടീസര്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 15ന് ജിയോ സിനിമയിലൂടെയാണ് സീരീസ് സ്ട്രീമിങ് ആരംഭിക്കുന്നത്. അതേസമയം ട്രാന്‍സ്വുമണായി സുസ്മിത സെന്‍ വേഷമിട്ടതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. നിരവധി ട്രാന്‍സ് വ്യക്തികള്‍ അഭിയന രംഗത്തുണ്ടെന്നും ആ വേഷത്തിലേക്ക് ഒരു ട്രാന്‍സ്വുമണ്‍ തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് കമ്മ്യൂണിറ്റിയുടെ ഭാഗത്ത് നിന്നുതന്നെ വലിയ വിമര്‍ശനമുയര്‍ന്നത്.