ഹിന്‍ഡന്‍ബെര്‍ഗിന്റെ വെല്ലുവിളിയെ അതിജീവിച്ച് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ വിജയകരമായി പൂര്‍ത്തിയാക്കി. ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ അദാനി എന്റര്‍പ്രൈസസിന്റെ 4.55 ഓഹരികള്‍ വില്‍ക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 4.62 കോടി ഓഹരികളാണ് നിക്ഷേപകര്‍ വാങ്ങിയത്. നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരാണ് കൂടുതലായി നിക്ഷേിച്ചത്. 96.18 ലക്ഷം ഓഹരികളാണ് ഇവര്‍ക്ക് മുന്നില്‍ വച്ചിരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ മൂന്ന് മടങ്ങ് ഓഹരികള്‍ക്കാണ് ആവശ്യക്കാര്‍ വന്നത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി 1.28 കോടി ഓഹരികളാണ് മാറ്റിവെച്ചിരുന്നത്. ഇത് പൂര്‍ണമായും വിറ്റുപോയെന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അറിയിച്ചു. അതേസമയം റീട്ടെയില്‍ നിക്ഷേപകരും കമ്പനി ജീവനക്കാരും കാര്യമായി നിക്ഷേപം നടത്താതെ മാറിനിന്നു. ഇവര്‍ക്കായി മാറ്റിവെച്ചിരുന്ന 2.29 കോടി ഓഹരികളില്‍ 11 ശതമാനം ഓഹരികള്‍ക്ക് മാത്രമാണ് ആവശ്യക്കാര്‍ വന്നത്. 20000 കോടി രൂപയാണ് തുടര്‍ ഓഹരി വില്‍പനയിലൂടെ അദാനി എന്റര്‍പ്രൈസസ് സമാഹരിച്ചത്. അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനികളിലൊന്നായ അദാനി ഗ്രീനിന്റെ വിവിധ പദ്ധതികള്‍ക്കായി പണം ചെലവഴിക്കാനും വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എക്‌സ്പ്രസ് വേകള്‍ നിര്‍മ്മിക്കാനുമാണ് എഫ്പിഒ അവതരിപ്പിച്ചത്. അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് എന്ന കമ്പനി മാത്രം 3200 കോടി രൂപയിലേറെയാണ് നിക്ഷേപിച്ചത്. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ തുടര്‍ ഓഹരി വില്‍പന, അദാനി എന്റര്‍പ്രൈസസ് ലക്ഷ്യമിട്ടതിനും മുകളില്‍ വിജയമായി.