തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒന്നിച്ച് തിയേറ്ററുകളിലേക്ക്. സൂര്യ ചിത്രം ‘കങ്കുവ’യും രജനികാന്തിന്റെ ‘വേട്ടയ്യന്’ എന്ന ചിത്രവുമാണ് ഒക്ടോബറില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏറെ നാളായി കങ്കുവയുടെ അപ്ഡേറ്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒക്ടോബര്‍ 10ന് കങ്കുവ തിയേറ്ററുകളിലെത്തും. ഒക്ടോബര്‍ 10ന് തന്നെയാണ് രജനി ചിത്രം വേട്ടയ്യന്റെ റിലീസും തീരുമാനിച്ചിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണ്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൂര്യ ഇരട്ട വേഷങ്ങളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബോബി ഡിയോള്‍, ദിഷ പഠാനി, നടരാജന് സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ വേഷമിടുന്നത്. രജിനിയുടെ വേട്ടയ്യന് നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്. അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍, റാണ ദഗുബതി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്, കിഷോര്‍, രോഹിണി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. 160 കോടി ബജറ്റിലാണ് വേട്ടയ്യന് ഒരുക്കുന്നത്. അതേസമയം, 300 കോടി ബജറ്റിലാണ് കങ്കുവ ഒരുക്കിയത്.