ദീര്‍ഘനേരം എസിയില്‍ തുടരുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. കഠിനമായ ചൂടിനെ പ്രതിരോധിക്കാമെങ്കിലും എസി ചര്‍മത്തെ വരണ്ടതാക്കും. കൂടാതെ നിര്‍ജ്ജലീകരണവും ഇതിന്റെ ഒരു സൈഡ് ഇഫക്ട് ആണ്. എണ്ണമയമുള്ള ചര്‍മമുള്ളവരില്‍ എണ്ണയുടെ സന്തുലിതാവസ്ഥ കൂടുതലായിരിക്കും. എന്നാല്‍ വരണ്ട ചര്‍മമുള്ളവരില്‍ എണ്ണയുടെ സന്തുലിതാവസ്ഥ കുറവുമായിരിക്കാം. എസിയില്‍ ദീര്‍ഘനേരം തുടരുമ്പോള്‍ ശരീരത്തില്‍ മതിയായ ജലാംശം ഇല്ലെങ്കില്‍ എണ്ണമയമുള്ള ചര്‍മമുള്ളവരുടെ ചര്‍മവും വരണ്ടതും മങ്ങിയതുമാക്കാം. എസി അന്തരീക്ഷം വരണ്ടതാക്കുമെന്നതിനാല്‍ അതിനൊപ്പം ഒരു ഹ്യുമഡിഫയര്‍ കൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് അന്തരീക്ഷം ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും. എപ്പോഴും ഒരു മോസ്ചറൈസര്‍ കരുതുക. ഇടയ്ക്കിടെ ചര്‍മത്തില്‍ മോസ്ചറൈസര്‍ പുരട്ടുന്നത് ചര്‍മം വരണ്ടതാകുന്നതില്‍ നിന്ന് സംരക്ഷിക്കാം. ദീര്‍ഘനേരം എസിയില്‍ തുടരുന്നതിന് പകരം ഇടയ്ക്ക് ചെറിയ ബ്ലേക്ക് എടുത്ത് പുറത്തിറങ്ങാം. ശരീരത്തില്‍ മൊത്തത്തിലുള്ള ജലാംശം നിലനിര്‍ത്തുന്നതിന് വെള്ളം നന്നായി കുടിക്കുക. കുളി കഴിഞ്ഞാല്‍ ചര്‍മത്തിന് യോജിച്ച മോസ്ചറൈസര്‍ ഉപയോഗിക്കാം. വെയില്‍ ഇല്ലെങ്കില്‍ പോലും അള്‍ട്രവൈലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം കിട്ടുന്നതിന് എസ്പിഎഫ് 30 സണ്‍സ്‌ക്രീന്‍ പുരട്ടുക. സ്‌ക്രബര്‍ ഉപയോഗിച്ച് മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നത് മോസ്ചറൈസര്‍ ആഗിരണം ഫലപ്രദമാക്കും.