ശ്രീനാഥ് ഭാസി നായകനായെത്തിയ ചിത്രമാണ് ‘ആസാദി’. നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രം മെയ് 23 നാണ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്. ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 27 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ശ്രീനാഥ് ഭാസിയെക്കൂടാതെ ലാല്‍, വാണി വിശ്വനാഥ്, സൈജു കുറുപ്പ്, രവീണ രവി, സലിംകുമാര്‍, ഷോബി തിലകന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ‘വണ്‍ നൈറ്റ്, വണ്‍ ബര്‍ത്ത്, വണ്‍ മിഷന്’ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്കുന്ന തടവുകാരിയായ യുവതിയെയും കുഞ്ഞിനേയും അവിടെ നിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്.