വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലും ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദ്ദേശം. ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രതികരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേകയോഗം ചേർന്ന ശേഷമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. അന്താരാഷ്ട്ര തലത്തിൽ കൊവിഡ് വീണ്ടും ആശങ്കയാകുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് യോഗം വിളിച്ച് ചേർത്തത്.
മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്തയച്ചു. വാക്സീൻ സ്വീകരിച്ചവരെ മാത്രം യാത്രയിൽ പങ്കെടുപ്പിക്കണം. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മൻസൂക് മാണ്ഡവ്യ. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയിൽ പ്രധാനമന്ത്രി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്. പാർലമെൻറ് സമ്മേളനം പോലും കൊവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെയാണ് നടക്കുന്നത്. യാത്രയിലെ ജനപിന്തുണ കണ്ടാണ് സർക്കാരിന്റെ നീക്കമെന്നും കോൺഗ്രസ് പ്രതികരിച്ചു.