തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി. പുതിയനിരക്കുകള്‍ നവംബര്‍ 20ന് പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന നിരക്ക് ഉയര്‍ത്തിയതോടെ എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവും കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര്‍ ബാധകം. പുതിയ നിരക്കുപ്രകാരം ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ ഒക്ടോബറിലെ 9.45 ശതമാനത്തില്‍ നിന്ന് 9.50 ശതമാനമാകും. ഒരുമാസക്കാലാവധിയുള്ള വായ്പകളുടേത് 9.45ല്‍ നിന്ന് 9.50 ശതമാനത്തിലേക്കും മൂന്നുമാസ കാലാവധിയുള്ള വായ്പകളുടേത് 9.50ല്‍ നിന്ന് 9.55 ശതമാനത്തിലേക്കും ഉയര്‍ത്തി. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 9.65 ശതമാനമാണ്. ഒക്ടോബറില്‍ 9.60 ശതമാനമായിരുന്നു. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.75 ശതമാനത്തില്‍ നിന്ന് 9.80 ശതമാനമായും കൂട്ടി. നടപ്പു സാമ്പത്തിക വര്‍ഷം (2023-24) തുടക്കം മുതല്‍ തുടര്‍ച്ചയായി എം.സി.എല്‍.ആര്‍ കൂട്ടുന്ന നടപടിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വീകരിച്ചത്. ഏപ്രില്‍ മുതല്‍ തുടര്‍ച്ചയായി കൂട്ടിയതിലൂടെ ഓവര്‍നൈറ്റ്, ഒരുമാസ കാലാവധികളുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ ഉയര്‍ന്നത് 0.75 ശതമാനത്തോളം. ഏപ്രിലിന് മുമ്പ് ഓവര്‍നൈറ്റ് നിരക്ക് 8.70 ശതമാനവും ഒരുമാസ നിരക്ക് 8.75 ശതമാനവുമായിരുന്നു. ഇക്കാലയളവില്‍ ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ ആകട്ടെ 9.45 ശതമാനത്തില്‍ നിന്നാണ് 9.80 ശതമാനത്തിലെത്തിയത്; വര്‍ധന 0.35 ശതമാനം.