കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ട് വരുമെന്ന് റിപ്പോർട്ടുകൾ. അദ്ധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന മുൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ. ജി-23 നേതാക്കളുടെ നീക്കങ്ങളും പാർട്ടിയെ കുഴപ്പിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളിൽ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്ന സോണിയാ ഗാന്ധി ഗെഹ്ലോട്ടിനോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടുവെന്നാണ് സൂചന.
മുഖ്യമന്ത്രിപിണറായി വിജയൻ പ്രതിയായുള്ള എസ് എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. ഈ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസ് നിരന്തരം മാറ്റി വയ്ക്കുന്നു എന്ന് പരാതി വന്നതിനെ തുടർന്ന് കേസ് ലിസ്ററില്‍ നിന്ന് മാറ്റരുതെന്നും സെപ്റ്റംബര്‍ 13ന് തന്നെ വാദം കേള്‍ക്കണമെന്നും ജസ്റ്റീസ് യു യു ലളിത് അധ്യക്ഷനായുള്ള ബഞ്ച് നിര്‍ദ്ദേശം നല്കി.
ദില്ലി സർക്കാരിലും ബി ജെ പി പിടിമുറുക്കാൻ ശ്രമിക്കുന്നതായി പരാതി. ആം ആദ്മി സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ആം ആദ്മി എം എൽ എ മാരുടെ ഫോൺ കട്ട് ആയി. അവരുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ഇന്ന് രാവിലെ നടത്താനായിരുന്ന മീറ്റിങ്ങിലേക്ക് എംഎല്‍എമാരെ വിളിക്കാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ല. ബിജെപി ഓപ്പറേഷന് താമരയ്ക്കുള്ള നീക്കം നടത്തുന്നതിന്റെ ഭാഗമായാണ് ഫോണുകൾ കട്ട് ആയത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആം ആദ്മി പാർട്ടി പിളർത്താന്‍ കൂട്ടു നിന്നാല്‍ മുഖ്യമന്ത്രി പദം നല്‍കാമെന്ന് ബി ജെ പി പറഞ്ഞതായി സിസോദിയ സടക്കമുള്ള നേതാക്കൾ ആരോപിച്ചിരുന്നു.
ഇ പോസ് മെഷീൻ പണിമുടക്കുന്നത് മൂലം റേഷൻ വിതരണം തുടരെ തുടരെ മുടങ്ങുന്നു. ഇ പോസ് സർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ കടകൾ മുഖേനയുള്ള ഓണക്കിറ്റ് വിതരണം തടസ്സപെടുന്നത് രണ്ടാം തവണയാണ് . പിങ്ക് കാർഡുടമകൾക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.
പി സി ജോര്‍ജിന്റെ മകന് ഷോൺ ജോർജിന്റെ വീട്ടിൽ റെയ്ഡ്. ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്ന് റിപ്പോർട്ട് . വാട്സ്ആപ് ഗ്രൂപ്പ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്റെ പരിശോധന. ദിലീപിന്റെ എതിർഭാഗം എന്ന് ചിന്തിപ്പിക്കാൻ വേണ്ടി ദിലീപിനെ പൂട്ടണം എന്ന പേരിൽ ഉണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പിൽ ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരും ഉണ്ട് .
സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴപെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.