സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ‘മദനോത്സവം’ എന്ന പുതിയ ചിത്രത്തിലെ ‘തത്തമ്മ ചേലോള്’ വിഡിയോ സോങ്ങ് പുറത്തിറങ്ങി. ക്രിസ്റ്റോ സേവ്യര്‍ ഈണമിട്ടിരിക്കുന്ന ഗാനത്തിനായി വരികള്‍ ഒരുക്കിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. രവി വാണിയംപാറ, സയന്ത് എസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മദനന്‍ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയില്‍ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് കളറടിക്കുന്ന ജോലി ചെയ്യുന്ന മദനന്റെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ്. ബാബു ആന്റണിയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിഷു റിലീസ് ആയി ഏപ്രില്‍ 14ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.