സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെ നായകനാക്കി ആര്‍ കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് സുമേഷ് പരമേശ്വരന്‍ സംഗീതം പകര്‍ന്ന് യുവന്‍ ശങ്കര്‍ രാജ ആലപിച്ച ‘കടല്‍ പോലെ’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ദേവിക സതീഷ്, യാമി എന്നിവര്‍ നായികമാരാവുന്നു. മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ലാല്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, ആല്‍വിന്‍ ആന്റണി ജൂനിയര്‍, അനീഷ് ഗോപാല്‍, റാഷിക് അജ്മല്‍, ലെന, അനുപ്രഭ, അര്‍ച്ചിത അനീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിമ്പു, വിജയ്
തുടങ്ങിയ പ്രശസ്ത താരങ്ങളെ വച്ച് ഹിറ്റ് സിനിമകള്‍ ഒരുക്കിയ ആര്‍ കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. ഭരതന്റെ അമരം എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുമ്മാട്ടിക്കളി ഒരുക്കുന്നതെന്ന് സംവിധായകന്‍ വിന്‍സെന്റ് സെല്‍വ പറയുന്നു. അമരം ചിത്രീകരിച്ച അതേ ലൊക്കേഷനുകളില്‍ തന്നെയാണ് കുമ്മാട്ടിക്കളിയും ചിത്രീകരിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ ചിത്രമാണ് കുമ്മാട്ടിക്കളി.