പാപ്പന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ആരമ്പ തേനിമ്പ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ സോംഗ് ആണ് പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ശ്രീനാഥ് ശിവശങ്കരന്‍. മധു ബാലകൃഷ്ണന്‍ ആണ് ആലപിച്ചിരിക്കുന്നത്. മലപ്പുറത്തുകാരന്‍ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. പുനം ബജ്വാ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം വേലയിലെ സണ്ണി വെയ്‌നിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മല്ലികാര്‍ജുനന്‍ എന്നു പേരായ എസ്‌ഐ കഥാപാത്രമാണ് ചിത്രത്തില്‍ സണ്ണി. പിന്നിലേക്ക് ചീകി വെച്ച മുടിയും പിരിയന്‍ മീശയുമൊക്കെയായാണ് സണ്ണി വെയ്ന്‍ ഈ കഥാപാത്രമാവുന്നത്. ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊലീസ് വേഷത്തിലാണ് ഷെയ്‌നും എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ പൊലീസ് റോളുമാണ് വേലയിലേത്. എം സജാസ് ആണ് രചന. സിദ്ധാര്‍ഥ് ഭരതനും അഥിതി ബാലനും ചിത്രത്തില്‍ രണ്ട് പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വിക്രം വേദ, കൈദി തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന സാം സി എസ് ആണ് വേലയുടെ സംഗീത സംവിധായകന്‍.
ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡോയില്‍ വില്‍ക്കുന്ന രണ്ടാമത്തെ വലിയ രാജ്യമെന്ന പട്ടം മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം റഷ്യയെ പിന്നിലാക്കി വീണ്ടും സൗദി അറേബ്യ പിടിച്ചെടുത്തു. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഇറക്കുമതി രാജ്യമായ ഇന്ത്യ ആഗസ്റ്റില്‍ ആകെ പ്രതിദിനം 8.63 ലക്ഷം ബാരല്‍ ക്രൂഡോയില്‍ സൗദി അറേബ്യയില്‍ നിന്ന് വാങ്ങി. ജൂലായേക്കാള്‍ 4.8 ശതമാനം അധികമാണിത്. മൂന്നാംസ്ഥാനത്തേക്ക് വീണ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 2.4 ശതമാനം കുറഞ്ഞ് പ്രതിദിനം 8.55 ലക്ഷം ബാരലായിരുന്നു. പ്രതിദിനം 8.95 ലക്ഷത്തിലേറെ ബാരലുമായി ഇറാക്കാണ് ഒന്നാംസ്ഥാനത്ത്. നാലാംസ്ഥാനത്ത് യു.എ.ഇ. അഞ്ചാംസ്ഥാനം കുവൈറ്റിനെ പിന്തള്ളി കസാക്കിസ്ഥാന്‍ നേടി. അമേരിക്കയാണ് ഏഴാമത്. ഇന്ത്യയിലേക്കുള്ള എണ്ണയില്‍ സൗദി അറേബ്യയുടെ വിഹിതം ഉയര്‍ന്നെങ്കിലും സൗദി നയിക്കുന്ന ഒപെക് രാഷ്ട്രങ്ങളുടെ വിഹിതം 59.8 ശതമാനമായി താഴ്ന്നു. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ചയാണിത്.
കയറ്റുമതി വളര്‍ച്ച കുറയുന്നതിനിടെ വ്യാപാരക്കമ്മി ഇരട്ടിയിലധികമായി വര്‍ദ്ധിക്കുന്നത് കേന്ദ്രത്തിനും ബിസിനസ് ലോകത്തിനും ആശങ്കയാകുന്നു. കഴിഞ്ഞമാസം കയറ്റുമതി വളര്‍ന്നത് 1.6 ശതമാനമാണ്. 3,392 കോടി ഡോളറിന്റേതായിരുന്നു കയറ്റുമതി. ഇറക്കുമതി 37.28 ശതമാനം ഉയര്‍ന്ന് 6,190 കോടി ഡോളറായി. ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി ആഗസ്റ്റില്‍ 2,798 കോടി ഡോളറാണ്. 2021 ആഗസ്റ്റില്‍ 1,171 കോടി ഡോളറും കഴിഞ്ഞ ജൂലായില്‍ 3,000 കോടി ഡോളറുമായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ആഗസ്റ്റില്‍ കയറ്റുമതി 17.68 ശതമാനം ഉയര്‍ന്ന് 19,351 കോടി ഡോളറിലും ഇറക്കുമതി 45.74 ശതമാനം വര്‍ദ്ധിച്ച് 31,800 കോടി ഡോളറിലുമെത്തി. ഇവ തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 5,378 കോടി ഡോളറില്‍ നിന്നുയര്‍ന്ന് 12,452 കോടി ഡോളറായി.
ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട, 2025-ഓടെ ആഗോളതലത്തില്‍ പത്തോ അതിലധികമോ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കും. ഏഷ്യ, ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ മാത്രമായി പുറത്തിറക്കുന്ന രണ്ട് കമ്മ്യൂട്ടര്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ലൈനപ്പില്‍ ഉള്‍പ്പെടും. ഈ രണ്ട് ഇ-വാഹനങ്ങളും 2024 നും 2025 നും ഇടയില്‍ നിരത്തിലിറങ്ങും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തോളം ഇ ബൈക്കുകള്‍ വില്‍ക്കുവാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2030 ഓടെ ഇത് ഏകദേശം 3.5 ദശലക്ഷം യൂണിറ്റുകളായി ഉയര്‍ത്തും. എളുപ്പത്തില്‍ ഊരിമാറ്റുന്ന തരത്തിലുള്ള ബാറ്ററികളാവും ഹോണ്ടയുടെ സ്‌കൂട്ടറുകളില്‍ ഉണ്ടാവുക. രണ്ട് വര്‍ഷത്തിനുള്ളില്‍ ഏഷ്യന്‍, യൂറോപ്യന്‍ വിപണികളെ ലക്ഷ്യമിട്ട് വാഹനങ്ങള്‍ ഇറക്കും.
മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ ശ്രേണിയിലാണ് ‘കാട്ടൂര്‍കടവ്’. ഈ കൃതി നമ്മുടെ സത്യാനന്തരകാല ലോകത്തെ ഏറ്റവും സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്നുണ്ട്. മഹാപ്രളയത്തില്‍ തകര്‍ന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമായുണ്ട്. അശോകന്‍ ചരുവില്‍. ഡിസി ബുക്‌സ്. വില 420 രൂപ.
പല ഭക്ഷണത്തിന്റെയും രുചി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള വസ്തുവാണ് നാരങ്ങ. ഈ ഒരു ഗുണം മാത്രമല്ല, നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നാരങ്ങ സഹായിക്കുന്നു. കൂടാതെ ശരീരത്തിന് ആവശ്യമായ ഇരുമ്പിനെ ആഗിരണം ചെയ്യുന്നതിനും എല്ലുകളെ ബലപ്പെടുത്തുന്നതിനുമുള്ള കഴിവും നാരങ്ങയ്ക്കുണ്ട്. മുടിയെയും ചര്‍മ്മത്തെയും മൃദുവാക്കാനും ഇവ സഹായിക്കുന്നു. എന്നാല്‍ ശരിരായ രീതിയിലല്ല നാരങ്ങ കഴിക്കുന്നതെങ്കില്‍ ഗുണത്തിന് പകരം ദോഷമാകും ഉണ്ടാവുക. വര്‍ഷങ്ങളായി പലരും ചെയ്തുവരുന്ന തെറ്റാണ് ചൂടുള്ള ഭക്ഷണത്തില്‍ നാരങ്ങാ നീര് ചേര്‍ക്കുക എന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നാരങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍ നഷ്ടപ്പെടുകയും നിങ്ങളുടെ ശരീരത്തിന് യാതൊരുവിധ ഗുണവും ലഭിക്കാതെയുമാകും. നാരങ്ങയില്‍ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന താപനിലയില്‍ ഇവ വേഗം നശിക്കുന്നു. അതുകൊണ്ടുതന്നെ ചൂടുള്ള ഭക്ഷണത്തില്‍ നാരങ്ങ ചേര്‍ക്കുമ്പോള്‍ വിറ്റാമിന്‍ സി നഷ്ടപ്പെടുന്നു. കൂടാതെ തടി കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുമായി ചൂടുവെള്ളത്തില്‍ രാവിലെ നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ശരീരത്തിന് യാതൊരുവിധ ഗുണവും ലഭിക്കില്ല. അതിനാല്‍ തിളപ്പിച്ച വെള്ളം തണുത്ത ശേഷം മാത്രം അതിലേയ്ക്ക് നാരങ്ങാ നീര് ചേര്‍ക്കുക.