വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ‘അനുരാഗമധുചഷകം’ പോലെ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പി ഭാസ്‌കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജ് ഈണം പകര്‍ന്ന ഒറിജിനല്‍ ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത് ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ്. എസ് ജാനകി ആലപിച്ച ആദ്യ ഗാനത്തിന്റെ പുതിയ രൂപം കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായ റിമ കല്ലിങ്കലിന്റെ പിറന്നാള്‍ ദിനത്തിലാണ് ഗാനം പുറത്തെത്തിയിരിക്കുന്നത്. ഭാര്‍ഗവീനിലയത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി ജെ ആന്റണി എന്നിവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെയാണ് യഥാക്രമം ടൊവിനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവതരിപ്പിക്കുന്നത്. കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം. ഈ കഥാപാത്രത്തെ നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയ, ജയരാജ് കോഴിക്കോട്, ഉമ കെ പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നിം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നത്.