ഇന്ത്യയുടെ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തെത്തി സ്മാര്‍ട്ട്ഫോണുകള്‍. ഇലക്ട്രോണിക്സ് സാധനങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുടെ ഫലമായാണ് സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് ഇന്ത്യയുടെ കയറ്റുമതിയില്‍ 14-ാം സ്ഥാനത്തായിരുന്നു സ്മാര്‍ട്ട്ഫോണുകള്‍. ആപ്പിളും സാംസംഗും പോലുള്ള മുന്‍നിര കമ്പനികള്‍ രാജ്യത്ത് ഉല്‍പ്പാദനം വിപുലീകരിക്കുകയാണ്. ഇലക്ട്രോണിക്സ് മേഖലയിലെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഏപ്രില്‍-നവംബര്‍ കാലയളവില്‍ 1,310 കോടി ഡോളറിലെത്തിയതായി (ഏകദേശം 1,13,045 കോടി രൂപ) വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഓട്ടോമോട്ടീവ് ഡീസല്‍ ഇന്ധനം, സ്മാര്‍ട്ട്ഫോണുകള്‍, വ്യോമയാന ഇന്ധനം, വജ്രങ്ങള്‍, മോട്ടോര്‍ ഗ്യാസോലിന്‍ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുളള കയറ്റുമതി ഉല്‍പ്പന്നങ്ങള്‍. 2024-25 ന്റെ ആദ്യ പകുതിയില്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്കീമിന് കീഴില്‍ 1,600 കോടി രൂപയാണ് വിതരണം ചെയ്തത്. ഇതില്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖലയ്ക്ക് 964 കോടി രൂപയാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ മൂന്നില്‍ രണ്ടുഭാഗവും ആപ്പിള്‍ ഐഫോണുകളാണ്. ഈ നില തുടര്‍ന്നാല്‍ 2026 സാമ്പത്തിക വര്‍ഷം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഒന്നാം സ്ഥാനത്ത് എത്തിയേക്കും.