മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ‘ഒരു വടക്കന്‍ വീരഗാഥ’. എംടിയുടെ തിരക്കഥയില്‍ ഹരിഹരന് സംവിധാനം ചെയ്ത ചിത്രം 1989 ഏപ്രില്‍ 14 നാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രം റീറിലീസിനൊരുങ്ങുകയാണ്. ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി അറ്റ്മോസിന്റെ ശബ്ദ ഭംഗിയിലും പ്രേക്ഷകര്‍ക്ക് ചിത്രം ആസ്വദിക്കാം. അടുത്ത മാസം ഏഴിനാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുക. എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ പുതിയ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘നമസ്കാരം, ഒരു വടക്കന്‍ വീരഗാഥ, മലയാള സിനിമയ്ക്കും പ്രത്യേകിച്ച് വ്യക്തിപരമായി എനിക്കും ഒരുപാട് നേട്ടങ്ങള്‍ നേടി തന്ന സിനിമയാണ്. പ്രിയപ്പെട്ട എംടി തിരക്കഥയെഴുതി ഹരിഹരന് സംവിധാനം ചെയ്ത് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ നിര്‍മിച്ച് 1989 ല്‍ പുറത്തിറങ്ങിയ ഈ സിനിമ വീണ്ടും പുതിയ സാങ്കേതികവിദ്യകളോട് കൂടി റിലീസ് ചെയ്യപ്പെടുകയാണ്. ഈ സിനിമ 4കെ അറ്റ്മോസില് റിലീസാകണം എന്ന് ഒരുപാട് ആഗ്രഹിച്ച ആളാണ് പിവി ഗംഗാധരന്. അദ്ദേഹത്തിന്റെ മക്കള്‍ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്’.- മമ്മൂട്ടി പറഞ്ഞു. ബോംബെ രവിയാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം ബാലന് കെ നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
‘ഒരു വടക്കന്‍ വീരഗാഥ’ ഫോര്‍ കെ ടീസര്‍ എത്തി
