ഇന്ത്യയില്‍ നിന്നും എവറസ്റ്റ് നോര്‍ത്ത് ഫേസ് ബേസ് ക്യാമ്പ് വരെ എത്തുന്ന ആദ്യ പെട്രോള്‍ എസ് യുവിയെന്ന റെക്കോഡ് സ്വന്തമാക്കി സ്‌കോഡ കോഡിയാക്ക്. ഈ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സും സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ വില്‍പനയില്‍ വലിയ കുതിപ്പിന് സ്‌കോഡക്ക് സാധിച്ചിരുന്നു. ഇന്ത്യന്‍ വിപണിയിലെ എക്കാലത്തേയും മികച്ച അര്‍ധവാര്‍ഷിക പ്രകടനവും ചെക് കാര്‍ നിര്‍മാതാക്കളായ സ്‌കോഡ നടത്തിയിരുന്നു. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്ഫോമും സ്‌കോഡയുടെ മുന്നേറ്റത്തിന് സഹായിച്ചിരുന്നു. ഏറ്റവും മോശം കാലാവസ്ഥയിലും റോഡിലും കോഡിയാക്കിന് മികച്ച പ്രകടനം നടത്താനാവുമെന്ന് തെളിയിക്കാന്‍ സ്‌കോഡ കോഡിയാക്കിന് സാധിച്ചു. നിര്‍മാണത്തിലെ കരുത്തും രൂപകല്‍പനയിലെ പ്രായോഗിക മികവും കോഡിയാക്കിന് ഈ യാത്രയിലൂടെ ഉറപ്പിക്കാനായി. പല വാഹനങ്ങളും നേപാളിലെ തെക്കു ഭാഗത്തുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലേക്കാണ് എത്തിയിട്ടുള്ളത്. കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ് എവറസ്റ്റിന്റെ ടിബറ്റിലുള്ള വടക്കു ഭാഗത്തെ എവറസ്റ്റ് ബേസ് ക്യാമ്പ്.