Untitled design 6 1

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.  തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്.

തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 നവംബര്‍ 30-നാണ് വാണി ജയറാം ജനിച്ചത്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതത്തിൻ്റെ ആദ്യപാഠങ്ങൾ ഹൃദ്യസ്ഥമാക്കിയ വാണി തൻ്റെ എട്ടാം വയസ്സിൽ ആകാശവാണിയുടെ മദ്രസ് സ്റ്റേഷനിൽ പാടി തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരായിരുന്നു കർണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാർ. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനിൽ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ അവര്‍ സംഗീത ആസ്വാദക‍ര്‍ക്ക് ഇടയിൽ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ അവര്‍ നേടി.ചിത്രഗുപ്ത്, നൗഷാദ് , മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയ ഇതിഹാസ സംഗീതജ്ഞര്‍ക്കായി വാണി പാടി.  1974-ൽ ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് വാണി ദക്ഷിണേന്ത്യൻ ഭാഷകളിലും സജീവമായത്. എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നീ നിരവധി സംഗീതജ്ഞരുടെ ഇഷ്ടഗായികയായിരുന്നു വാണി. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഏതോ ജന്മകൽപനയിൽ, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓലഞ്ഞാലിക്കുരുവി, തിരയും തീരവും എന്നിവയെല്ലാം അവരുടെ ഹിറ്റ് ഗാനങ്ങളാണ്. ഈ വർഷം രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *