രാജ്യത്ത് വെള്ളി വില ഇന്ന് സര്‍വകാല റെക്കോഡില്‍. സ്വര്‍ണവിലയിലും വര്‍ധന രേഖപ്പെടുത്തി. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ വെള്ളിവില കിലോഗ്രാമിന് 1,10,000 രൂപയിലെത്തി. സ്പോട്ട് മാര്‍ക്കറ്റില്‍ ഗ്രാമിന് 108.90 രൂപയിലും കിലോയ്ക്ക് 1,09,900 രൂപയിലുമാണ് വ്യാപാരം. ആഗോള വിപണിയില്‍ 0.4 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 37.17 ഡോളറിലെത്തി വെള്ളി വില. ഈ വര്‍ഷം ഇതു വരെ രാജ്യാന്തര വില 43 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. അന്താരാഷ്ട്ര വിലയ്ക്കനുസരിച്ചാണ് ഇന്ത്യയില്‍ വെള്ളി വില നീങ്ങുന്നത്. ഇതിനൊപ്പം രൂപ-ഡോളര്‍ വിനിമയ നിരക്കുകളും വിലയെ സ്വാധീനിക്കും. ഡോളറിനെതിരെ രൂപ ദുര്‍ബലമായാല്‍ വെള്ളി വില ഉയരും. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വലിയ മുന്നേറ്റം കാണിക്കാതിരുന്ന വെള്ളി വില പിന്നീട് കുതിച്ചുയരുകയായിരുന്നു. ജനുവരി ഒന്നിന് 87,578 രൂപയായിരുന്നു കിലോ വില. ജൂണ്‍ 30 ആയപ്പോള്‍ ഇത് 1.05 ലക്ഷം ആയി. അതായത് ആറ് മാസം കൊണ്ട് 20.4 ശതമാനം വളര്‍ച്ച. ഇക്കാലയളവില്‍ 10 ഗ്രാം സ്വര്‍ണ വില 76,893 രൂപയില്‍ നിന്ന് 96,075 രൂപയിലേക്ക് എത്തി. 24.95 ശതമാനമാണ് വര്‍ധന. സ്വര്‍ണവില ഇന്ന് പവന് ഒറ്റയടിക്ക് 440 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,600 രൂപയാണ്. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 9075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.