മാരുതിയുടെ കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ധാരണപത്രം ഒപ്പിട്ട് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ഡീലര്‍ഷിപ്പ് തലത്തിലുള്ള ഫിനാന്‍സ് സൗകര്യങ്ങളും ഓട്ടോ റീട്ടെയ്ല്‍ ഫിനാന്‍സിങ്ങ് സംവിധാനവും ഒരുക്കുന്നതിനാണ് ഈ സഹകരണം പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഡീലര്‍മാരുടെ വാഹന ഇന്‍വെന്ററി ഫണ്ടിങ്ങ് കാര്യക്ഷമമാക്കുന്നതിനും മാരുതി ഉപയോക്താക്കള്‍ക്ക് മികച്ച റീട്ടെയില്‍ ഫിനാന്‍സിങ്ങ് നല്‍കാനാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ലക്ഷ്യമിടുന്നത്. മാരുതി സുസുക്കിയുടെ ഡീലര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ നേട്ടം ലഭിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള സഹകരണം സഹായിക്കും.
ഈ കൂട്ടുകെട്ടിലൂടെ ഏറ്റവും സൗകര്യപ്രദവും സമഗ്രവുമായ സാമ്പത്തിക ഓപ്ഷനുകള്‍ നല്‍കാനാണ് ബാങ്ക് പദ്ധതി ഒരുക്കുന്നതെന്നും, ഈ പങ്കാളിത്തത്തിലൂടെ രണ്ട് കമ്പനികള്‍ക്കും ബിസിനസ് വളര്‍ച്ച ഉറപ്പാക്കാന്‍ സാധിക്കുമെന്നും ഇരു കൂട്ടരും അഭിപ്രായപ്പെട്ടു.