സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ശ്രീ മുത്തപ്പന്‍’ കണ്ണൂരില്‍ ചിത്രീകരണം തുടങ്ങി. മലയാള സിനിമയില്‍ ആദ്യമായാണ് ശ്രീ മുത്തപ്പന്‍ ചരിതം സിനിമയാകുന്നത്. പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍ പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാള ജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഇപ്പോള്‍ ചലച്ചിത്രമാവുന്നത്. ഓലച്ചേരി വീട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സച്ചു അനീഷ് നിര്‍മ്മിക്കുന്ന’ ശ്രീ മുത്തപ്പന്‍ ‘ സംവിധാനം ചെയ്യുന്നത് ചന്ദ്രന്‍ നരിക്കോടാണ്. മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ മുയ്യം രാജനും, പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ബിജു കെ ചുഴലിയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രമായ സന്തോഷ് കീഴാറ്റൂരിനൊപ്പം മലയാളത്തിലെ പ്രമുഖ താര നിരകളും അണിനിരക്കുന്നു. കണ്ണൂരിലും പരിസര പ്രദേശത്തുമാണ് സിനിമയുടെ ചിത്രീകരണം നടക്കുക.