രാജ്യത്തിന്റെ വ്യവസായ ഉല്‍പ്പാദന വളര്‍ച്ചയില്‍ ഫെബ്രുവരിയില്‍ കനത്ത ഇടിവ്. ജനുവരി മാസത്തെ വളര്‍ച്ചയുടെ ഏതാണ്ട് പകുതിയായാണ് വ്യവസായ ഉല്‍പ്പാദന സൂചിക കുറഞ്ഞത്. ജനുവരിയില്‍ ഇത് 5 ശതമാനമായിരുന്നു. ഫെബ്രുവരിയില്‍ 2.9 ശതമാനത്തിലേക്ക് കുറഞ്ഞു. കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന വ്യവസായ മേഖലകളിലുണ്ടായ തളര്‍ച്ചയാണ് സൂചിക താഴ്ത്തിയത്. ഖനന മേഖലയിലും മാനുഫാക്ചറിംഗ് മേഖലയിലുമുണ്ടായ തളര്‍ച്ചയാണ് വ്യവസായ വളര്‍ച്ച കുറച്ചത്. ഖനന മേഖലയില്‍ ജനുവരിയിലെ 4.4 ശതമാനം വളര്‍ച്ച നേടിയത് ഫെബ്രുവരിയില്‍ 1.6 ശതമാനത്തില്‍ എത്തി. എക്സ്ട്രാക്ടീവ് വ്യവസായങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനത്തില്‍ വലിയ കുറവാണുണ്ടായത്. ഉല്‍പ്പാദന മേഖലയിലും മുന്‍ മാസത്തെ 5.5 ശതമാനം വളര്‍ച്ചക്ക് പകരമായി ഫെബ്രുവരിയില്‍ 2.9 ശതമാനമാണ് നേടാനായത്. വൈദ്യുതി മേഖലയില്‍ മെച്ചപ്പെട്ട വളര്‍ച്ചയാണുള്ളത്. 2.4 ശതമാനത്തില്‍ നിന്ന് 3.6 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ മുന്‍ വര്‍ഷത്തെ 7.6 ശതമാനത്തെ അപേക്ഷിച്ച് ഇടിവാണുണ്ടായത്. അതേസമയം, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ കണക്കുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനമാണ് ഈ വര്‍ഷം ഉല്‍പ്പാദന മേഖലയില്‍ ഉണ്ടായത്.