ശാപവും അനുഗ്രഹവും
മിത്തുകള്‍, മുത്തുകള്‍ 12
ബൈബിള്‍ കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
വാഗ്ദത്തഭൂമിയായ പലസ്തീനിലേക്ക് ഇസ്രയേല്‍ ജനതയുടെ ഐതിഹാസിക യാത്ര. എണ്ണിയാലൊടുങ്ങാത്ത ഇസ്രയേല്‍ ജനം ജോര്‍ദാനരികിലെ മൊവാബു സമതലത്തില്‍ തമ്പടിച്ചു. എതിര്‍ത്ത സൈനിക സന്നാഹങ്ങളെയെല്ലാം തുരത്തിക്കൊണ്ടാണ് വരവ്.
മൊവാബുവിലെ രാജാവായ ബലാക് ഇക്കഥയറിഞ്ഞ് ഭയന്നു പരവശനായി. ഇസ്രയേല്‍ജനം തന്നേയും തന്റെ ജനങ്ങളേയും കീഴടക്കും. അതിനുമുമ്പേ അവരെ കൊന്നൊടുക്കണം. പക്ഷേ എങ്ങനെയതുചെയ്യും? യുദ്ധത്തിനിറങ്ങിയാല്‍ തോറ്റു തുന്നംപാടിയതുതന്നെ. അദ്ഭുതസിദ്ധികളുള്ളവര്‍ക്കേ അവരെ കീഴടക്കാനാവൂ. അങ്ങനെയൊരാളെക്കുറിച്ച് ബലാകിനറിയാം. ബലാം. ഇസ്രയേല്‍ ജനതയെ ബലാം ശപിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും.
അയല്‍രാജ്യത്തെ ആരാധ്യനായ പ്രവാചകനാണ് ബലാം. ബലാക് രാജാവ് ഒരുസംഘം പ്രഭുക്കന്മാരെ ബലാമിന്റെ സന്നിധിയിലേക്കയച്ചു. വിലയേറിയ പാരിതോഷികങ്ങള്‍ സമ്മാനിച്ച് ക്ഷണിച്ചു ബലാമിനെ കൂട്ടിക്കൊണ്ടുവരാനാണു പ്രഭുക്കന്മാരുടെ ദൗത്യസംഘത്തെ അയച്ചത്.
‘ഞങ്ങള്‍ ബലാക് രാജാവിന്റെ ദൂതന്മാരായ പ്രഭുക്കന്മാരാണ്. അങ്ങയുടെ സഹായം തേടി വന്നതാണ്’
‘വലിയൊരു രാജാവിനെ ഞാനെങ്ങനെ സഹായിക്കാന്‍?’-ബലാം പ്രതിവചിച്ചു.
‘ഈ ലോകത്തെ ഒന്നാകെ കീഴടക്കാന്‍ വെട്ടുകിളികളേപ്പോലെ ഇസ്രയേല്‍ജനം മുന്നേറുകയാണ്. അവരിപ്പോള്‍ മൊവാബു രാജ്യത്തിലും എത്തി. അങ്ങ് അവരെ ശപിക്കണം. ഞങ്ങളുടെ രാജ്യത്തെ അനുഗ്രഹിക്കുകയും വേണം. ബലാക് രാജാവിന്റെ ക്ഷണമാണിത്. അങ്ങ് ഞങ്ങളുടെകൂടെ വരണം.’-പ്രഭുക്കന്മാര്‍ ബലാമിനോട് വിനയപൂര്‍വം പറഞ്ഞു.
‘ദൈവത്തിന്റെ തിരുവിഷ്ടമേ നടക്കൂ. എന്റെ കഴിവുകളെല്ലാം ദൈവത്തിന്റെ ദാനങ്ങളാണ്. ഇക്കാര്യത്തില്‍ ദൈവഹി തമെന്തെന്ന് ആദ്യം അറിയണം. നിങ്ങള്‍ വിശ്രമിക്കൂ. ഞാനൊന്നു ധ്യാനിക്കട്ടെ.’ ഇത്രയും പറഞ്ഞ് ബലാം അക ത്തേക്കുപോയി. ഏകാഗ്രതയോടെ ധ്യാനിച്ചു.
‘ബലാം!’ ദൈവത്തിന്റെ മുഴങ്ങുന്ന ശബ്ദം. ‘നീ മൊവാബു രാജ്യത്തില്‍ പോകരുത്. അവരെ സഹായിക്കുകയമരുത്. പ്രഭുക്കന്മാരോടു മടങ്ങിപ്പോകാന്‍ പറയുക.’
വിശ്രമിക്കുകയായിരുന്ന പ്രഭുക്കന്മാരോട് ബലാം ഇക്കാര്യം പറഞ്ഞു. അവര്‍ മടങ്ങിച്ചെന്ന് രാജാവായ ബലാകിനെ വിവരമറിയിച്ചു. വിവേകശൂന്യനായ രാജാവ് കാര്യങ്ങളുടെ കിടപ്പു മനസിലാക്കാതെ ‘ബലാമിന്റെ സന്നിധിയിലേക്ക് കൂടുതല്‍ ബഹുമാന്യരായ പ്രഭുക്കന്മാരെ വിട്ടു. കൂടുതല്‍ വിലയേറിയ സമ്മാനങ്ങളും കൊടുത്തയച്ചു. മൊവാബിലെത്തി ഇസ്രയേല്‍ ജനത്തെ ശപിച്ചാല്‍ ചോദിക്കുന്നതെന്തും നല്കാമെന്ന വാഗ്ദാനം പുറമേ.
മൊവാബില്‍നിന്നു മറ്റൊരുസംഘം പ്രഭുക്കന്മാരെ കണ്ടപ്പോള്‍ ബലാമിന് അദ്ഭുതം. ‘നിങ്ങള്‍ ലോകം മുഴുവനും എനിക്കു സമ്മാനിച്ചാലും ദൈവഹിതമേ നടക്കൂ. അതിനപ്പുറം പ്രവര്‍ത്തിക്കാന്‍ എനിക്കെന്നല്ല ആര്‍ക്കുമാവില്ല.’ ബലാം പറഞ്ഞു. പ്രഭുക്കന്മാര്‍ കാത്തുനില്‍ക്കുന്നതിനിടെ ബലാം ധ്യാനനിരതനായി.
‘ബലാം, നിനക്ക് അവരോടൊപ്പം പോകാം. പക്ഷേ, എന്റെ നിര്‍ദേശമനുസരിച്ചേ എന്തെങ്കിലും ചെയ്യാവൂ.’ ദൈവത്തിന്റെ മറുപടി.
ബലാം പ്രഭുക്കന്മാരോടൊപ്പം മൊവാബിലേക്കു യാത്രയായി. കഴുതപ്പുറത്താണ് സവാരി. അല്പദൂരം പിന്നിട്ടപ്പോള്‍ ബലാമിന്റെ കഴുതയ്ക്കു ഹാലിളകിയതുപോലെ. വഴിയില്‍നിന്നു ചളിനിറഞ്ഞ വയലിലേക്ക് അതു ചാടി. ബലാം വീണു. അയാള്‍ കഴുതയെ അടിക്കുകയും ശകാരിക്കുകയും ചെയ്തു. വീണ്ടും കഴുതപ്പുറത്തു കയറി. രണ്ടു ചുവടു മുന്നോ ട്ടുവച്ചതേയുള്ളൂ. എന്തോ കണ്ടു ഭയപ്പെട്ടിട്ടെന്നപോലെ കഴുത വിറളിപിടിച്ചു പിന്തിരിഞ്ഞോടി. ബലാം വീണ്ടും കഴുതയെ അടിച്ചു. പിന്നെയും കഴുത മൂന്നു ചുവടു മുന്നോട്ടുവച്ചപ്പോഴേക്കും അതു നിലത്തു വീണു. വീണ്ടും കഴുതയെ പ്രഹ രിച്ചപ്പോള്‍ ആ മൃഗം മനുഷ്യരേപ്പേലെ സംസാരിക്കാന്‍ തുടങ്ങി.
‘യജമാനനേ, അങ്ങെന്നെ മൂന്നു പ്രാവശ്യം അടിച്ചു. ഞാനെന്തു ദ്രോഹമാണ് അങ്ങയോടു ചെയ്തത്?’ കഴുതയുടെ ചോദ്യം.
‘നീ എന്നെ അവഹേളിച്ചു. നിന്നെ കൊന്നുകളയുകയാണു വേണ്ടത്.’- ബലാമിന്റെ മറുപടി.
‘ഇതിനു മുമ്പ് ഞാനങ്ങയെ ഒരിക്കല്‍ പോലും അവഹേളിച്ചിട്ടില്ലല്ലോ?’- കഴുത.
‘പിന്നെ എന്തുകൊണ്ട് ഇപ്പോള്‍…’ ബലാം പറഞ്ഞുതീരുംമുമ്പേ അയാള്‍ക്കു മുന്നില്‍ വെള്ളിടി മിന്നി. കഴുത വീണ്ടും കരഞ്ഞു. ഊരിപ്പിടിച്ച വാളുമായി ഒരു ദൈവദൂതന്‍ തൊട്ടുമുന്നില്‍. ബലാം കഴുതപ്പുറത്തുനിന്നിറങ്ങി ദൈവദൂതനു മുന്നില്‍ പ്രണമിച്ചു.
‘ബലാം, നീ കഴുതയെ അടിച്ചതെന്തിന്? കഴുത നിന്നോടു ചെയ്തതിനേക്കാള്‍ വലിയ അവഹേളനമാണ് നീ ദൈവത്തോടു ചെയ്യുന്നത്. ദൈവത്തിന്റെ അനുഗ്രഹീത ജനത്തെ ശപിക്കാന്‍ നീ യാത്ര തിരിച്ചിരിക്കുന്നു.’-ദൈവദൂതന്റെ വാക്കുകള്‍.
‘വിറളി പിടിച്ചതുകൊണ്ടാണല്ലോ നീ കഴുതയെ അടിച്ചത്. ഊരിപ്പിടിച്ച വാളുമായി ഞാന്‍ മുന്നില്‍ നിന്നതുകൊണ്ടാണ് വിറളിപിടിച്ചത്. നീയെന്നെ കണ്ടില്ല. നിന്റെ ജീവന്‍ രക്ഷി ക്കാനാണ് കഴുത വഴിമാറി ഓടിയത്.’
ബലാമിനു കാര്യങ്ങള്‍ പിടികിട്ടിയത് അപ്പോഴാണ്. വല്ലാത്ത കുറ്റബോധം. അയാള്‍ വഴിമധ്യത്തില്‍നിന്നുകൊണ്ട് വിലപിച്ചു. ‘ദൈവമേ, അങ്ങേക്കെതിരായി ഞാന്‍ വലിയ തെറ്റുചെയ്തു. എന്നോടു പൊറുക്കേണമേ. ഞാന്‍ മടങ്ങിപ്പോകാം.!
ബലാം മടങ്ങിപ്പോകാനൊരുങ്ങിയപ്പോള്‍ ദൈവദൂതന്‍ തടഞ്ഞു. ‘ഇനി നീ മടങ്ങിപ്പോകേണ്ട. പ്രഭുക്കന്മാരോടൊപ്പം പോകുക. ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുക.’ ഇത്രയും പറഞ്ഞ് ദൈവദൂതന്‍ അപ്രത്യക്ഷനായി.
മൊവാബു രാജ്യത്തില്‍ ബലാമിന് രാജകീയ വരവേല്പ്. ബലാക് രാജാവ് ബലാമിനെ ഒരു കുന്നിന്‍മുകളിലേക്ക് ആനയിച്ചു. ഇസ്രയേല്‍ജനത പാളയമടിച്ചിരുന്ന സമതലത്തിനരികിലെ ഒരു കുന്ന്. ‘ദാ, നോക്കൂ, അങ്ങകലെ മണല്‍പ്പരപ്പുപോലെ ജനക്കൂട്ടത്തെ കണ്ടോ? ആ കശ്മലന്മാരെയാണ് നമുക്കു ശപിക്കേണ്ടത്.’ -ബലാക് രാജാവു പറഞ്ഞു.
‘ദൈവ ഹിതമനുസരിച്ചേ എനിക്കു പ്രവര്‍ത്തിക്കാനാകൂ. ‘ബലാം തുടര്‍ന്നു. ‘ദൈവേച്ഛ എന്തെന്ന് ഞാന്‍ ഒന്നു കൂടി അന്വേഷിക്കാം. അതിനായി ഈ കുന്നില്‍ ഏഴു ബലിപീഠങ്ങള്‍ പണിയണം. ബലിയര്‍പ്പിക്കാന്‍ ഏഴു കാളകളും ഏഴ് ആടുകളും വേണം.’
പെട്ടെന്നുതന്നെ അവിടെ ഏഴു ബലി പീഠങ്ങള്‍ പണിതു. ദൈവത്തെ ധ്യാനിച്ച് ബലാം ബലിയര്‍പ്പിച്ചു. ധ്യാന ത്തിനൊടുവില്‍ ദൈവത്തിന്റെ മറുപടി. ‘ഇസ്രയേല്‍ജനത്തെ ശപിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്.’
ബലാകിനു കോപം തോന്നിയെങ്കിവും പ്രകടിപ്പിച്ചില്ല. മറ്റൊരു കുന്നിലേക്ക് ബലാമിനെ കൂട്ടിക്കൊണ്ടുപോയി. വീണ്ടും ദൈവത്തോടു ചോദിക്കാന്‍ നിര്‍ദേശിച്ചു. അവിടേയും ബലിയര്‍പ്പണത്തിനുശേഷം ബലാം നിലപാട് ആവര്‍ത്തിച്ചു.
‘അവരെ ശപിക്കാനാണ് നിന്നെ ഞാന്‍ കൊണ്ടുവന്നത്. ഇപ്പോള്‍ നീ എന്നെ ശപിച്ച് അവരെ അനുഗ്രഹി ക്കുന്നു. മര്യാദയ്ക്ക് ആ തെമ്മാടികളെ ശപിച്ചില്ലെങ്കില്‍ നിന്റെ തല ഞാന്‍ അരിഞ്ഞെടുക്കും.’ ബലാക് കോപംകൊണ്ട് വിറച്ചു.
രാജാവ് ബലാമിനേയും കൂട്ടി പിന്നേയും മുന്നോട്ടു നടന്നു. ഇസ്രയേല്‍ ജനത തമ്പടിച്ചിരിക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു കുന്നില്‍ കയറി. ‘ഒരു തവണകൂടി നീ ദൈവത്തോടു ചോദിക്കുക. ദൈവം സമ്മതിച്ചാലും ഇല്ലെങ്കിലും ഇത്തവണ നീ അവരെ ശപിക്കണം.’- രാജാവ് ഉത്തരവിട്ടു.
വീണ്ടും ബലിയര്‍പ്പണം. ഇനിയും ദൈവഹിതം ആരായുന്നത് പന്തിയല്ലെന്നു മനസിലാക്കിയ ബലാം അതിനു തുനിഞ്ഞില്ല. ബലിയര്‍പ്പണത്തിനുശേഷം അദ്ദേഹം ഇസ്രയേലിനെ കൂടുതല്‍ നന്നായി അനുഗ്രഹിച്ചു. ഇസ്രയേലിനെതിരേ പോരാടുന്നവരെ ശപിക്കുകയും ചെയ്തു.
ബലാക് രാജാവ് ഇതുകേട്ട് കോപാക്രാന്തനായി. ബലാമിനെ വധിക്കണമെന്നു തോന്നിയെങ്കിലും ഭയംമൂലം അതുചെയ്യാതെ കുതിരപ്പുറത്തു കയറി സൈനികര്‍ക്കൊപ്പം കൊട്ടാരത്തിലേക്കു പോയി. ബലാം സ്വന്തം നാട്ടിലേക്കും മടങ്ങി.