സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കലിൽ എതിർപ്പുമായി മുഴുവൻ സർവീസ് സംഘടനകളും. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ എല്ലാ സംഘടനകളും എതിർപ്പ് ഉന്നയിക്കുകയായിരുന്നു. നിർദേശങ്ങൾ രേഖമൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു. ഉപാധികളോടെ നാലാം ശനി അവധി ദിനം ആക്കുന്നതിലും എതിർപ്പ് ഉയര്‍ന്നു. ഉപാധി രഹിത അവധി എന്നത് മാറ്റി എന്നാണ് വിമർശനം. ഓരോ ദിവസവും 15 മിനുട്ട് അധികം ജോലി ചെയ്യണം വർഷത്തിൽ 5 ക്യാഷ്വൽ ലീവ് കുറക്കും എന്നീ ഉപാധികൾ അംഗീകരിക്കില്ലെന്നായിരുന്നു സർവീസ് സംഘടനകളുടെ നിലപാട്.
ജീവനക്കാരൻ മരിച്ചാൽ ഒരു വര്‍ഷത്തിനകം ജോലി കിട്ടാൻ അർഹതയുള്ളവർക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തുന്നതാണ് പരിഗണനയിലുള്ളത്. അതാത് വകുപ്പുകളിൽ ഒഴിവ് വരുന്ന തസ്തികകളിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമെ ആശ്രിത നിയമനം നടത്താവു എന്നാണ് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണ ശേഷം ഒരു വര്‍ഷത്തിനകം നിയമനം കിട്ടാൻ അർഹതയുള്ളവര്‍ക്ക് നിയമനം, മറ്റ് അപേക്ഷകര്‍ക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധനം എന്നിങ്ങനെയാണ് ബദൽ നിർദ്ദേശങ്ങൾ.