കാസർകോട്ടെ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടതിനെ തുടർന്ന് അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. നിലവാരമില്ലാത്ത രീതിയിൽ ഏകപക്ഷീയമായാണ് അന്വേഷണം നടന്നതെന്നും റിയാസ് മൗലവിയുടെ റൂമിൽ നിന്നും കണ്ടെടുത്ത മൊബൈൽഫോണുകളും സിംകാർഡുകളും മെമ്മറി കാർഡും പരിശോധിച്ചില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികൾക്ക് മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു. അതോടൊപ്പം റിയാസ് മൗലവി വധം കോടതിയുടെ മുന്നിലുള്ള കേസാണെന്നും കൃത്യമായി കേസ് കൈകാര്യം ചെയ്തെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശരിയായ നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് സി പി എമ്മിന്‍റെ അഭിപ്രായമെന്നും, റിയാസ് മൗലവിയുടെ കുടുംബത്തിന് സി പി എം പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.