പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിലെ നിക്ഷേപത്തിന്റെ പകുതിയിലധികം വിറ്റൊഴിവാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജപ്പാനിലെ സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോര്‍പറേഷനാണ് 8,889 കോടി രൂപയ്ക്ക് ഈ ഓഹരികള്‍ വാങ്ങിയത്. എസ്.ബി.ഐയുടെ കൈവശമുണ്ടായിരുന്ന 13.18 ശതമാനം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. 4.13 ബില്യണ്‍ ഇക്വിറ്റി ഓഹരികളാണ് ഓഹരിയൊന്നിന് 21.50 രൂപയ്ക്ക് ജാപ്പനീസ് ധനകാര്യ സ്ഥാപനം വാങ്ങിയത്. ഇനി എസ്.ബി.ഐയുടെ കൈവശമുള്ളത് 10.8 ശതമാനം ഓഹരികളാണ്. ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ മേഖലയില്‍ സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോര്‍പറേഷന്റെ ഏറ്റവും വലിയ നിക്ഷേപമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരിപങ്കാളിത്തം ഇപ്പോള്‍ ജാപ്പനീസ് കമ്പനിക്കാണ്. ആക്സിസ് ബാങ്ക്, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കൊഡക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ കൈവശമുണ്ടായിരുന്ന ഏഴ് ശതമാനം ഓഹരികളും സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോര്‍പറേഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ 2020ല്‍ ഓഹരിയൊന്നിന് 10 രൂപയ്ക്ക് വാങ്ങിയ ഓഹരികളാണ് വിറ്റഴിച്ചത്.