അറ്റാദായത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി എസ്ബിഐ കാര്‍ഡ്‌സ് ആന്റ് പേയ്‌മെന്റ് സര്‍വീസസ് ലിമിറ്റഡ്. മൂന്നാം പാദഫലങ്ങള്‍ പുറത്തുവന്നതോടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അറ്റാദായം 32 ശതമാനം ഉയര്‍ന്ന് 509 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 386 കോടി രൂപയുടെ അറ്റാദായം മാത്രമാണ് കൈവരിച്ചത്. ഇത്തവണ അവലോകന പാദത്തിലെ അറ്റ പലിശ വരുമാനത്തിലും നേട്ടമുണ്ടാക്കാന്‍ എസ്ബിഐ കാര്‍ഡ്‌സിന് സാധിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,273 കോടി രൂപയില്‍ നിന്ന് 26.39 ശതമാനം വര്‍ദ്ധനവോടെ 1,609 കോടിയായാണ് ഉയര്‍ന്നത്. എസ്ബിഐ കാര്‍ഡ്സിന്റെ മൊത്തം വരുമാനം 3,656 കോടി രൂപയാണ് ഇത്തവണ രേഖപ്പെടുത്തിയത്. അതേസമയം, മൊത്തം പ്രവര്‍ത്തന ചെലവ് മുന്‍ പാദത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ദ്ധനവോടെ 1,974 കോടി രൂപയായിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ അറ്റനിഷ്‌ക്രിയ ആസ്തികള്‍ 0.80 ശതമാനമായി കുറഞ്ഞെങ്കിലും, മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ 2.40 ശതമാനമായാണ് ഉയര്‍ന്നത്. ഇത്തവണ കിട്ടാക്കടങ്ങളുടെ നിരക്ക് കുറഞ്ഞത് നേട്ടമായിട്ടുണ്ട്.