പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യത്തിൽ നടത്തുന്ന മേഖല പര്യടനത്തിന്റെ ഭാഗമായി റിയാദിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ അൽ യമാമ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകളും ഇരുവരും അവലോകനം ചെയ്തു. പൊതുതാൽപ്പര്യമുള്ള ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ഗസ്സയിലെയും ലെബനാനിലെയും സംഭവവികാസങ്ങൾ, സൈനികാക്രമണം നിർത്തുന്നതിനും ജനങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ, യുദ്ധം മൂലമുണ്ടാകുന്ന മാനുഷിക പ്രത്യാഘാതങ്ങൾ എന്നിവ ചർച്ച ചെയ്തു. ഗാസയിലെയും ലബനാനിലെയും സംഘർഷത്തിന് ശമനം വരുത്താനുള്ള സാധ്യതകൾ തേടി പശ്ചിമേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റിയാദിലെത്തിയത്.