കോളിവുഡില്‍ പുതുമ നിറഞ്ഞ അവതരണവുമായി എത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു വിക്രം വേദ. സംവിധായക ദമ്പതികള്‍ പുഷ്‌കര്‍- ഗായത്രിയുടെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രം 2017 റിലീസ് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പുറത്തെത്താന്‍ ഒരുങ്ങുകയാണ്. തമിഴില്‍ മാധവനും വിജയ് സേതുപതിയുമാണ് ടൈറ്റില്‍ കഥാപാത്രങ്ങളായ വിക്രമും വേദയുമായി എത്തിയതെങ്കില്‍ ഹിന്ദി റീമേക്കില്‍ അത് യഥാക്രമം സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. പുഷ്‌കര്‍- ഗായത്രി തന്നെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. രാധിക ആപ്‌തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഉയരം കുറഞ്ഞതിന്റെ പേരില്‍ സഹപാഠികളുടെ പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ക്വാഡന്‍ ബെയില്‍സ് എന്ന ഒന്‍പതു വയസുകാരെ അത്ര പെട്ടെന്നൊന്നും നമുക്ക് മറക്കാന്‍ സാധിക്കില്ല. അവന്റെ കരയുന്ന മുഖം അത്രമേല്‍ ലോകത്തെ വേദനിപ്പിച്ചിരുന്നു. ഓസ്ട്രേലിയക്കാരനായ ക്വാഡന്റെ വീഡിയോ അമ്മയാണ് ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. അന്ന് ലോകം മുഴുവനും ക്വാഡനെ ചേര്‍ത്തുപിടിച്ചിരുന്നു. ഇപ്പോഴിതാ ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരമാണ് ക്വാഡന് ലഭിച്ചിരിക്കുന്നത്. ഹോളിവുഡിലെ പ്രശസ്ത സിനിമാ പരമ്പരയായ മാഡ് മാക്സിലെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ’മാഡ് മാക്സ്: ഫ്യൂരിയോസ’യിലാണ് ക്വാഡന് അവസരം ലഭിച്ചിരിക്കുന്നത്. ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിസ് ഹേംസ്വെര്‍ത്ത്, ആന്യ ടെയ്‌ലര്‍-ജോയ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ വേഷമിടും. 2024 ലാണ് സിനിമ പുറത്തിറങ്ങുക. ജോര്‍ജ് മില്ലറിന്റെ തന്നെ ‘ത്രീ തൗസന്‍ഡ് ഇയേഴ്സ് ഓഫ് ലോങിങ്’ എന്ന സിനിമയിലും ക്വാഡന്‍ ബെയില്‍സ് അഭിനയിക്കും.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ പത്ത് ദിനമായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. പത്ത് ദിവസംകൊണ്ട് 920 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു. 25 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4725 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ദ്ധനവുണ്ട്. 20 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,900 രൂപയാണ്.
കൊവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020ല്‍ ബ്രിട്ടീഷ് സമ്പദ്വളര്‍ച്ച കൂപ്പുകുത്തിയത് 311 വര്‍ഷത്തെ താഴ്ചയിലെന്ന് റിപ്പോര്‍ട്ട്. നെഗറ്റീവ് 11 ശതമാനം വളര്‍ച്ചയാണ് 2020ല്‍ ബ്രിട്ടന്‍ കുറിച്ചതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (ഒ.എന്‍.എസ്) വ്യക്തമാക്കി. 1709ന് ശേഷമുള്ള ഏറ്റവും മോശം വളര്‍ച്ചയാണിതെന്ന് കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ഇംഗ്‌ളണ്ടും ചൂണ്ടിക്കാട്ടി. കണക്കുകളും വിവരങ്ങളും കിട്ടുന്നമുറയ്ക്ക് ബ്രിട്ടന്‍ ഓരോവര്‍ഷത്തെയും വളര്‍ച്ചാനിരക്ക് പുതുക്കാറുണ്ട്. ഇത്തരത്തില്‍ 2020ലെ കണക്ക് പരിഷ്‌കരിച്ചതോടെയാണ് വളര്‍ച്ചാനിരക്ക് 311 വര്‍ഷത്തെ താഴ്ചയിലെത്തിയത്. ലോകത്ത് ഏതെങ്കിലും രാജ്യം കുറിച്ച ഏറ്റവും വലിയ വീഴ്ചയും ബ്രിട്ടന്റേതാണ്. ജി7 രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും മോശം വളര്‍ച്ചയുമാണിത്. നെഗറ്റീവ് 10.8 ശതമാനം വളര്‍ച്ച സ്പെയിനാണ് തൊട്ടുപിന്നാലെയുള്ളത്.
ബജാജ് ഓട്ടോ ഇന്ത്യയില്‍ പള്‍സര്‍ 180 നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാവ് ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും ബജാജ് ഓട്ടോയുടെ വെബ്സൈറ്റില്‍ നിന്ന് ബൈക്ക് നീക്കം ചെയ്തു. മോഡലിന് ഡിമാന്‍ഡ് കുറഞ്ഞതാണ് വിപണിയില്‍ നിന്നും പിന്‍വലിച്ച ഈ തീരുമാനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പള്‍സര്‍ 180 2018-ല്‍ നിര്‍ത്തലാക്കിയിരുന്നുവെങ്കിലും പിന്നീട് 2021-ല്‍ ബിഎസ്6 മോഡലായി കമ്പനി ഇത് വീണ്ടും അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ വിവിധ ഡീലര്‍ സ്രോതസുകള്‍ പറയുന്നത്, ബൈക്കിന്റെ സ്റ്റോക്ക് സ്വീകരിക്കുന്നത് നിര്‍ത്തി എന്നാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ മോഡലിന്റെ ഉത്പാദനവും അവസാനിപ്പിച്ചു.
മഴ ഒരു വലിയ പുസ്തകമാണ്. വിശേഷാവസരങ്ങളില്‍ അധികമായി വായിക്കപ്പെടുന്ന വിശുദ്ധഗ്രന്ഥമാണ്. അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെ പുറത്തേക് എടുക്കപ്പെടും. പിന്നെ അതിന്റെ പാരായണമാണ്. മെല്ലെ മെല്ലെത്തുടങ്ങി, ഒടുവില്‍ ഉച്ചസ്ഥായിയിലെത്തി വീണ്ടും മന്ദഗതിയില്‍ ആകുന്ന ഹിന്ദുസ്ഥാനി സംഗീതംപോലെ.. ഇടക്കാലങ്ങളില്‍ ഓര്‍മപ്പെടുത്താല്‍ പോലെ വീണ്ടും ഒരു പാരായണം.. ഈ പുസ്തക പാരായണത്തിലൂടെയാണ് മലയാളി മലയാളത്തില്‍ അലിഞ്ഞുചേരുന്നത്.. പ്രകൃതി ഉര്‍വരമാകുന്നത്.. മനസ്സ് തളിര്‍ക്കുന്നത്…. ‘മഴപ്പുസ്തകം’. ഒരു സംഘം ലേഖകര്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 380 രൂപ.
പലരെയും അലട്ടുന്ന പ്രശ്‌നമാണ് രക്തസമ്മര്‍ദം. രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും ഏറെയാണ്. മാനസിക സമ്മര്‍ദം, മരുന്നുകളുടെ ഉപയോഗം, അമിതാധ്വാനം, ചില ഭക്ഷണങ്ങള്‍, അഡ്രിനാല്‍ ഗ്രന്ഥിയുടെ പ്രശ്‌നങ്ങള്‍, പുകവലി, അമിതമദ്യപാനം തുടങ്ങിയവയെല്ലാം രക്തസമ്മര്‍ദം പരിധി വിട്ടുയരുന്നതിലേക്ക് നയിക്കാം. രക്ത സമ്മര്‍ദത്തിന്റെ സാധാരണ നിലയായ 120/80 mm.Hg എന്ന നിലയില്‍ നിന്ന് രക്ത സമ്മര്‍ദം ഉയരുമ്പോള്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. തലകറക്കം, കടുത്ത തലവേദന, നെഞ്ചു വേദന, ഹൃദയമിടിപ്പ് ഉയരല്‍ തുടങ്ങിയവയാണ് അത്. ഇതിനുപുറമേ കാഴ്ച പ്രശ്‌നം, മൂക്കില്‍ നിന്ന് രക്തമൊഴുക്ക്, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ചെവിയില്‍ മുഴക്കം, ഉറങ്ങാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, ക്ഷീണം, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും രക്ത സമ്മര്‍ദം ഉയരുന്നതിന്റെ ഭാഗമായി ശരീരം പ്രകടിപ്പിക്കാറുണ്ട്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തുകയും ചികിത്സ തുടങ്ങുകയും വേണം. അതേസമയം ഡോക്ടറെ ഉടന്‍ കാണാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. സമ്മര്‍ദമകറ്റി റിലാക്‌സ് ചെയ്യാന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആള്‍ക്കൂട്ടത്തില്‍ നിന്നകന്ന് ശാന്തമായ ഒരിടത്തിലേക്ക് മാറുക. നില്‍ക്കുന്നതും നടക്കുന്നതുമൊക്കെ ഒഴിവാക്കി കസേരയെടുത്ത് എവിടെയെങ്കിലും ഇരിക്കുക. ശുദ്ധവായു കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. ഹൃദയമിടിപ്പ് സാധാരണ ഗതിയിലാകുന്നതുവരെ ദീര്‍ഘശ്വാസം നന്നായി എടുത്ത് പുറത്തേക്കു വിടുക. വെള്ളം കുടിക്കുക. കണ്ണടച്ച് ശരീരത്തിന് അല്‍പം വിശ്രമം കൊടുക്കാന്‍ ശ്രമിക്കുക തുടങ്ങിയവയാണ് സ്വയം ചെയ്യാന്‍ കഴിയുന്ന പ്രാഥമിക നടപടികള്‍.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.77, പൗണ്ട് – 94.32, യൂറോ – 79.39, സ്വിസ് ഫ്രാങ്ക് – 82.82, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.20, ബഹറിന്‍ ദിനാര്‍ – 211.66, കുവൈത്ത് ദിനാര്‍ -259.30, ഒമാനി റിയാല്‍ – 207.50, സൗദി റിയാല്‍ – 21.23, യു.എ.ഇ ദിര്‍ഹം – 21.72, ഖത്തര്‍ റിയാല്‍ – 21.91, കനേഡിയന്‍ ഡോളര്‍ – 61.50.