കിഴക്കമ്പലത്ത് ഇക്കഴിഞ്ഞ 21ാം തീയ്യതി ആരംഭിച്ച മെഡിക്കൽ സ്റ്റോര്‍ ജില്ലാ കളക്ടര്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ടു . ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ നിന്നടക്കം പിൻവലിക്കാനും ഉത്തരവിട്ടു. സാബു എം ജേക്കബാണ് കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന മെഡിക്കൽ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷമാണ് മെഡിക്കൽ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മെഡിക്കൽ സ്റ്റോര്‍ പൂട്ടാൻ ഉത്തരവിട്ടത്. ട്വന്റി ട്വന്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കൽ സ്റ്റോറുൾപ്പെട്ട ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റേതെന്നും ബില്ലിലും ഇവയുണ്ടെന്നും കണ്ടെത്തി. ട്വന്റി ട്വന്റി ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിൽ കിറ്റക്സ് കമ്പനിയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റെയും മെഡിക്കൽ സ്റ്റോറിന്റെയും പ്രവര്‍ത്തനം എന്നും കണ്ടെത്തി. അതോടൊപ്പം എല്ലാത്തിന്റെയും നേതൃത്വം പാര്‍ട്ടിയുടെ നേതൃത്വം വഹിക്കുന്ന സാബു എം ജേക്കബ് തന്നെയാണെന്ന് കണ്ടെത്തിയ കളക്ടര്‍, ഇവയെല്ലാം തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നും വിലയിരുത്തിയതിനെ തുടർന്ന് മെഡിക്കൽ സ്റ്റോര്‍ പൂട്ടാൻ ഉത്തരവിടുകയായിരുന്നു.