ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന അവലോകന യോഗത്തിൽ കെഎസ്ആർടിസിയെ രൂക്ഷമായ ഭാഷയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വിമർശിച്ചു. കെഎസ്ആർടിസി അധിക ചാർജ് വാങ്ങുമ്പോൾ അതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. സീറ്റ് കപ്പാസിറ്റിയിൽ കൂടുതൽ തീർത്ഥാടകരെ ബസിൽ കൊണ്ടുപോകരുത്.
സഞ്ചാര യോഗ്യമല്ലാത്ത വാഹനങ്ങൾ ശബരിമലയിൽ സർവീസിനായി ഉപയോഗിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ വർഷവും പുതിയ ബസുകൾ അനുവദിക്കുമായിരുന്നുവെന്നും ഇത്തവണ പുതിയ ബസുകൾ കിട്ടിയിട്ടില്ലെന്നും കെഎസ്ആർടിസിയുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി. ശബരിമലയിൽ ഇന്ന് തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയം. പമ്പ മുതൽ സന്നിധാനം വരെ തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് കടത്തി വിടുന്നത്. മഴ മാറി നിൽക്കുന്നത് അനുകൂല അന്തരീക്ഷമായാണ് കണക്കാക്കുന്നത്.