റഷ്യ ഇന്ത്യയുടെ സഹായം തേടുന്നു. കാര്‍, വിമാനം, ട്രെയിന്‍ എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ അടിയന്തരമായി ആവശ്യമായ 500 ഉല്‍പന്നങ്ങളാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടത്. പാശ്ചാത്യന്‍ രാജ്യങ്ങളുടെ ഉപരോധത്തില്‍ വലഞ്ഞ റഷ്യ ഉല്‍പന്നങ്ങളുടെ പട്ടിക ഇന്ത്യക്ക് കൈമാറിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പാക്കേജിങ് ഉല്‍പന്നങ്ങള്‍, പേപ്പര്‍ ബാഗ്, അസംസ്‌കൃത പേപ്പര്‍ ഉല്‍പന്നം, ടെക്‌സ്‌റ്റൈല്‍, ലോഹ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ പട്ടികയിലുണ്ട്. ഇന്ത്യയിലെ വ്യവസായ മേഖലക്ക് ഉണര്‍വ് പകരുന്നതാണിത്. അടുത്ത മാസങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ചെറുതും വലുതുമായ ഇന്ത്യന്‍ കമ്പനികളുമായി ബന്ധപ്പെടാന്‍ റഷ്യന്‍ വാണിജ്യ മന്ത്രാലയവും അവിടത്തെ കമ്പനികളും ശ്രമിക്കുന്നുണ്ട്. റഷ്യയുമായി ദീര്‍ഘകാല സൗഹൃദമുള്ള ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്നാണ് മോസ്‌കോ കരുതുന്നത്. കുറഞ്ഞ വിലക്ക് റഷ്യന്‍ എണ്ണ ഇന്ത്യക്ക് നല്‍കുന്നുണ്ട്. അതേസമയം, റഷ്യയുമായുള്ള ഇടപാട് പാശ്ചാത്യന്‍ രാജ്യങ്ങളെ ചൊടിപ്പിക്കുമെന്നും മറ്റു ബിസിനസുകളെയും പണമിടപാടുകളെയും അത് ബാധിക്കുമെന്നും ചില ഇന്ത്യന്‍ കമ്പനികള്‍ ഭയക്കുന്നു.