സര്‍ ചക്രവര്‍ത്തിയുടെ നിഷ്ഠൂരഭരണത്തിന്‍ കീഴില്‍ ഞെരിഞ്ഞമരുന്ന റഷ്യയിലെ ജനങ്ങള്‍ രക്തരൂക്ഷിതമായ ഒരു വിപ്ലവത്തിലൂടെ മാത്രമേ തങ്ങള്‍ക്ക് മോചനമുണ്ടാകൂ എന്ന് കരുതുന്നു. അവര്‍ കവിയും വിപ്ലവസംഘത്തിലെ അംഗവുമായ കാലിയേവ് എന്ന യുവാവിനെ സര്‍ ചക്രവര്‍ത്തിയെ വധിക്കാനുള്ള ദൗത്യം ഏല്‍പ്പിക്കുന്നു. ഒരു മുള്‍പ്പിടര്‍പ്പില്‍ ബോംബുമായി ഒളിച്ചിരിക്കുന്ന കാലിയേവ് വണ്ടിയില്‍ വരുന്ന ചക്രവര്‍ത്തിക്കു നേരെ ബോംബെറിയാന്‍ കൈയുയര്‍ത്തിയെങ്കിലും ചക്രവര്‍ത്തിയുടെ മടിയില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന കുഞ്ഞിനെക്കണ്ട് ആ ഘോരകൃത്യത്തില്‍ നിന്ന് പിന്തിരിയുന്നു. ഇതോടെ കാലിയവേിനെ വിപ്ലവസംഘം ശത്രുവായി മുദ്ര കുത്തുന്നു. കാലം കുറേ മുന്നോട്ട് പോയി. അനുഭവങ്ങളുടെ വടുക്കളും പേറി ജന്മനാട്ടിലെത്തിയ കാലിയേവ് എത്തിപ്പെടുന്നത് തന്റെ പേരില്‍ കെട്ടിപ്പൊക്കിയ പ്രതിമയുടെ മുന്നില്‍! അപരന്‍ താനായും താന്‍ അപരനായും പാപം പുണ്യമായും പുണ്യം പാപമായും നിറംപകര്‍ന്നാടുന്ന വൈരുദ്ധ്യം. ഉദാത്തമായ കാവ്യാനുഭവം അനുവാചകരിലെത്തിക്കുന്ന വിശിഷ്ടകൃതി. ‘രൗദ്രസാത്വികം’. പ്രഭാ വര്‍മ്മ. ഡിസി ബുക്‌സ്. വില 218 രൂപ.