മലയാളി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ദേവ’യുടെ ട്രെയ്‌ലര്‍ എത്തി. റോഷന്‍ ആന്‍ഡ്രൂസിന്റെ സ്ഥിരം തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്‌ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. 2.18 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദേവ. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഹിദ് കപൂറിന്റെ നായക കഥാപാത്രം. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. ജനുവരി 31 നാണ് ചിത്രത്തിന്റെ റിലീസ്. 2005 ല്‍ ഉദയനാണ് താരം എന്ന മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തുകൊണ്ട് അരങ്ങേറിയ ആളാണ് റോഷന്‍ ആന്‍ഡ്രൂസ്.