പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ആഘോഷചിത്രമായിരിക്കും ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന സൂചന നല്‍കി ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്നു. സ്റ്റാന്‍ലി എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്. ഗ്രേസ് ആന്റണി, സാനിയ അയ്യപ്പന്‍, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്ര് താരങ്ങള്‍. നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മാണം.
പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയിലെ സംഖ്യകള്‍ അനുസരിച്ച് ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍ നിരയിലുണ്ട് ‘ലൈഗര്‍’. പത്തില്‍ 3 മാര്‍ക്ക് ആണ് ചിത്രത്തിന് ലഭിച്ച ആവറേജ് റേറ്റിംഗ്. 37,000ല്‍ അധികം പേര്‍ വോട്ട് ചെയ്തതിനു ശേഷമുള്ള കണക്കാണ് ഇത്. ബോളിവുഡില്‍ ഈ വര്‍ഷത്തെ വലിയ പരാജയങ്ങളായ ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയും കങ്കണ റണൗട്ടിന്റെ ധാക്കഡും റേറ്റിംഗില്‍ വിജയ് ദേവരകൊണ്ട ചിത്രത്തേക്കാള്‍ മുന്നിലാണ്. ധാക്കഡിന് നാലും ലാല്‍ സിംഗ് ഛദ്ദയ്ക്ക് അഞ്ചും റേറ്റിംഗ് ആണ് ഐഎംഡിബിയില്‍ ഉള്ളത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത് പ്രകാരം ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് 33.12 കോടിയാണ്. എന്നാല്‍ രണ്ടാം ദിനം മുതല്‍ മോശം പബ്ലിസിറ്റിയെത്തുടര്‍ന്ന് ചിത്രത്തിന് കാണികള്‍ കുത്തനെ കുറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4725 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു, 10 രൂപ തന്നെയാണ് ഉയര്‍ന്നത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3900 രൂപയാണ്.
ശതകോടീശ്വരന്‍മാരുടെ ബ്ലൂംബെര്‍ഗിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. 137.4 ബില്യണ്‍ ഡോളര്‍ ആണ് അദാനിയുടെ ആസ്തി. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി മാറിയത്. മാത്രമല്ല, ആദ്യമായാണ് ഏഷ്യയില്‍ നിന്നുള്ള ഒരു വ്യക്തി ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കുന്നത്. 91.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി 11-ാം സ്ഥാനത്താണ്.
രണ്ട് പതിറ്റാണ്ട് മുമ്പ് വിപണിയിലെത്തി നിരത്തുകളിലെ നിറസാന്നിദ്ധ്യമായി മാറിയ മഹീന്ദ്ര ബൊലേറോ ഇനി പുത്തന്‍ ലോഗോ അണിഞ്ഞും പുതുപുത്തന്‍ രൂപകല്പനയിലും ഉപഭോക്താക്കളിലേക്കെത്തും. പുതിയലോഗോ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വിപണിയിലിറക്കിയ എക്സ്.യു.വി 700 ലാണ് മഹീന്ദ്ര ആദ്യം ഉള്‍പ്പെടുത്തിയത്. പിന്നാലെ സ്‌കോര്‍പ്പിയോ-എന്‍ പതിപ്പുമെത്തി. നിലവിലെ ബൊലേറോയില്‍ നിന്ന് കാഴ്ചയില്‍ തികച്ചും വ്യത്യസ്തമായിരിക്കും പുതിയത്. 75 ബി.എച്ച്.പി കരുത്തും 210 എന്‍.എം ടോര്‍ക്കുമുണ്ടാകും. 5-സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സ് പ്രതീക്ഷിക്കുന്നു. ഉത്സവകാലമായ ഒക്ടോബര്‍-നവംബറില്‍ പുതിയ ബൊലേറോ ഉപഭോക്താക്കളിലേക്ക് എത്തിയേക്കും.
പുതിയ മലയാളകഥയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മിനി പി.സിയുടെ ഏറ്റവും പുതിയ കഥകളാണ് ഈ സമാഹാരത്തില്‍. സുന്ദരങ്ങളും ഊര്‍ജ്ജസ്വലങ്ങളുമായ ജീവിതപ്രസ്താവനകളാണ് മിനിയുടെ കഥകള്‍. ശക്തിയേറിയ സ്ത്രീഹൃദയപ്രഖ്യാപനങ്ങള്‍ അവയില്‍ മുഴങ്ങുന്നു. ആഖ്യാനചാതുര്യത്തോടെയും ഭാഷാസുഭഗതയോടെയും അവ ആവിഷ ്കരിക്കുന്നത് മനസ്സില്‍ തങ്ങിനില്‍ക്കുന്ന മനുഷ്യബന്ധപര്യവേക്ഷണങ്ങളാണ്. ‘കനകദുര്‍ഗ്ഗ’. മാതൃഭൂമി. വില 180 രൂപ.
മദ്യപിക്കുന്നവരെക്കാള്‍ കാന്‍സര്‍ വരാന്‍ സാദ്ധ്യത കൂടുതല്‍ കാപ്പി കുടിക്കുന്നവരിലാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കാന്‍സര്‍ സാദ്ധ്യത കൂടാതെ ശരീരത്തിലെ കൊഴുപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുമെന്നും കണ്ടെത്തി. കാപ്പിയിലും ചായയിലും കഫീന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചൂട് കാപ്പി കുടിക്കുന്നത് അന്നനാളത്തിന് കേടുപാടുകള്‍ വരുത്തി കാന്‍സര്‍ സാദ്ധ്യത മൂന്നിരട്ടിയാക്കുമെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ പറയുന്നത്. ചൂട് കാപ്പി കുടിക്കുന്ന മനുഷ്യരില്‍ കാന്‍സര്‍ വരാനുള്ള സാദ്ധ്യത 4.1 മടങ്ങ് കൂടുതലാണ്. അതിനാല്‍ കാപ്പി തണുപ്പിച്ച് മാത്രം കുടിക്കുക. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ജേണലില്‍ പറയുന്നത് പ്രകാരം, ദിവസവും ചൂട് കാപ്പി കുടിക്കുന്നവരില്‍ പുകവലി, മദ്യപാനം തുടങ്ങിയ ശീലമുള്ളവരെക്കാള്‍ കാന്‍സര്‍ സാദ്ധ്യത 2.8 മടങ്ങ് കൂടുതലാണ്. കൂടാതെ ഇവരില്‍ ജനിതക രോഗങ്ങളും വരാന്‍ സാദ്ധ്യതയുണ്ട്. ചൂട് മാത്രമല്ല കാപ്പിയില്‍ നിങ്ങള്‍ മധുരത്തിനായി ചേര്‍ക്കുന്ന പഞ്ചസാരയും ആപത്താണ്. ഇത് നിരവധി ദോഷങ്ങള്‍ വിളിച്ചു വരുത്തും. എന്നാല്‍ പരിമിതമായ അളവില്‍ കാപ്പി കുടിക്കുന്നതുകൊണ്ട് ദോഷമില്ല. ദിവസം ഒന്നോ രണ്ടോ ഗ്ലാസ് മധുരമില്ലാത്ത കാപ്പി കുടിക്കുന്നവരില്‍ ടൈപ്പ്-2 പ്രമേഹം, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് രോഗസാദ്ധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് നേരത്തേ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.52, പൗണ്ട് – 93.29, യൂറോ – 79.68, സ്വിസ് ഫ്രാങ്ക് – 81.89, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.08, ബഹറിന്‍ ദിനാര്‍ – 210.88, കുവൈത്ത് ദിനാര്‍ -258.21, ഒമാനി റിയാല്‍ – 206.56, സൗദി റിയാല്‍ – 21.17, യു.എ.ഇ ദിര്‍ഹം – 21.65, ഖത്തര്‍ റിയാല്‍ – 21.84, കനേഡിയന്‍ ഡോളര്‍ – 61.23.
തയ്യാറാക്കിയത്
സംഗീത വി.യു