പ്രമുഖ ചോക്കളേറ്റ് കമ്പനിയായ ലോട്ടസിന്റെ ഭൂരിപക്ഷ ഓഹരികള്‍ റിലയന്‍സ് റീറ്റെയ്ല്‍ സ്വന്തമാക്കുന്നു. 74 കോടി രൂപയ്ക്ക് കമ്പനിയുടെ 51 ശതമാനം ഓഹരികളാണ് റിലയന്‍സ് വാങ്ങുന്നത്. കൂടാതെ ലോട്ടസിന്റെ 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെയും ലക്ഷ്യമിടുന്നുണ്ട്. ഏറ്റെടുക്കല്‍ പ്രഖ്യാപനം വന്നതോടെ ലോട്ടസിന്റെ ഓഹരി വില 5 ശതമാനം ഉയര്‍ന്ന് 122.95 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് സെക്ഷനുകളിലായി ലോട്ടസിന്റെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ തുടരുകയാണ്. ഇക്കാലയളവില്‍ ഓഹരിവില 25 ശതമാനത്തോളം ആണ് ഉയര്‍ന്നത്. ഈ വര്‍ഷം ഇന്ത്യന്‍ സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡായ കാംപ കോളയെ റിലയന്‍സ് ഏറ്റെടുത്തിരുന്നു. എഫ്എംസിജി മേഖലയില്‍ ശക്തമായ സാന്നിധ്യമാവുകയാണ് ഏറ്റെടുക്കലുകളിലൂടെ കമ്പനി. ഏതാനും ദിവസം മുമ്പ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ റിലയന്‍സ് പാക്കേജ് ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു ബ്രാന്‍ഡും അവതരിപ്പിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡായ ലഹോരി സീര, ബിന്ദു ബിവറേജസ്, ഗാര്‍ഡന്‍സ് എന്നിവയെയും റിലയന്‍സ് ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.