കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര്‍ – ഫാന്റസി ചിത്രം ‘രാജാസാബ്’ തിയറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലര്‍ വാനോളം പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആവേശവുമായി എത്തുകയാണ് ചിത്രത്തിലെ ആദ്യ ഗാനമായ റിബല്‍ സാബ്. ജനുവരി 9 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. തമന്‍ എസ് ഒരുക്കിയിരിക്കുന്ന റിബല്‍ സാബ് ഗാനം അത്യന്തം ത്രസിപ്പിക്കുന്നതായിരിക്കുമെന്നാണ് സൂചന. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിംഗ് നിമിഷങ്ങളുമൊക്കെയായാണ് പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ ‘രാജാസാബ്’ തിയറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമാന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.
